മുംബൈ : യുവതാരം തിലക് വർമ ഇന്ത്യയുടെ ഓൾ ഫോർമാറ്റ് ബാറ്ററാകുമെന്ന മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയുടെ അഭിപ്രായത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. ഐപിഎൽ 15-ാം സീസണിന്‍റെ പ്രധാന കണ്ടെത്തലുകളിൽ ഒരാളാണ് തിലക് വർമ. 12 മത്സരങ്ങളിൽ നിന്നായി 368 റൺസ് നേടിയ തിലക് മുംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തിലും മികച്ചുനിന്നു.
'തിലക് വർമയുടെ സ്വഭാവം അതിമനോഹരമാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ടീം സമ്മർദത്തിലായപ്പോൾ, മധ്യനിരയിൽ ബാറ്റ് ചെയ്‌ത താരം ഡബിളും സിംഗിളുമെടുത്ത് സ്കോർ ചെയ്‌ത രീതി ശ്രദ്ധേയമായിരുന്നു' - ഗവാസ്‌കർ പറഞ്ഞു.
'അവൻ വിശാലമായ ഷോട്ടുകൾ കളിക്കുകയും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയും ചെയ്‌തു. ഇത് അവനിൽ നല്ലൊരു ക്രിക്കറ്ററുണ്ടെന്നതിന്‍റെ ഉദാഹരണമാണത്, അത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നല്ലൊരു 'ക്രിക്കറ്റ് തലച്ചോറ്' നിങ്ങൾക്കുണ്ടെങ്കിൽ, സാഹചര്യങ്ങൾ എതിരാണെങ്കിൽ പോലും ഉയിർത്തെഴുന്നേൽക്കാനാകും. അത് സ്വയം വിശകലനം ചെയ്യാനും റൺസ് നേടാനും സഹായിക്കും' - ഇതിഹാസ ഓപ്പണർ പറഞ്ഞു.
ക്രിക്കറ്റിന്‍റെ അടിസ്ഥാനകാര്യങ്ങളിൽ മികവ് പുലർത്തുന്നതിന് ഗവാസ്‌കർ യുവതാരത്തെ പ്രശംസിക്കുകയും, വളർന്നുവരുന്ന ഹൈദരാബാദ് ക്രിക്കറ്റർ ഭാവിയിൽ ഇന്ത്യയുടെ ഓൾ ഫോർമാറ്റ് ബാറ്ററാകുമെന്ന രോഹിത്തിന്‍റെ നിരീക്ഷണത്തോട് യോജിക്കുകയും ചെയ്‌തു.
'ഇന്ത്യയുടെ ഓൾ ഫോർമാറ്റ് ബാറ്ററാകുമെന്ന രോഹിത് ശർമ സൂചിപ്പിച്ചു. അതിനാൽ കുറച്ചുകൂടി മികച്ച പ്രകടനം പുറത്തെടുക്കാനായി ശ്രമിക്കണം. കൂടാതെ ബാറ്റിങ് ടെക്‌നിക്കും ശാരീരികക്ഷമത വർദ്ധിപ്പിക്കാനുമായി കൂടുതൽ അദ്ധ്വാനിക്കുകയും രോഹിത്തിന്‍റെ പ്രസ്‌താവനയെ ശരിവയ്ക്കുകയും ചെയ്യണം' - ഗവാസ്‌കർ പറഞ്ഞു.
ഗവാസ്‌കറെ ഏറ്റവും കൂടുതൽ ആകർഷിച്ചത് താരത്തിന്‍റെ സ്വഭാവമാണ്. 'അയാളുടെ ക്രിക്കറ്റിന്‍റെ അടിസ്ഥാനകാര്യങ്ങളും ബാറ്റിങ്ങ് ടെക്‌നിക്കും മികച്ചതാണ്. പന്തിന്‍റെ ലെങ്തിനും ലൈനിനും അനുസരിച്ച് കളിക്കുന്നു. ഫ്രണ്ട് ഫൂട്ടിൽ പ്രതിരോധിക്കുമ്പോൾ അവന്‍റെ ബാറ്റ് പാഡിന് അടുത്താണ്. അതിനാൽ, എല്ലാ അടിസ്ഥാനകാര്യങ്ങളും ശരിയായ രീതിയിലാണ്, ഇതുവരെയുള്ള പ്രകടനം അദ്ദേഹം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- ഗവാസ്‌കർ കൂട്ടിച്ചേർത്തു.