അഹമ്മദാബാദ്:തുടര്‍ തോല്‍വികളോടെയായിരുന്നു അഞ്ച് പ്രാവശ്യം ഐപിഎല്‍ കിരീടം ഉയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പതിനാറാം പതിപ്പിലെ യാത്ര തുടങ്ങിയത്. ബൗളര്‍മാര്‍ തല്ലുകൊള്ളികളാകുകയും ബാറ്റര്‍മാര്‍ കളിമറക്കുകയും ചെയ്‌തപ്പോള്‍ ആദ്യത്തെ രണ്ട് മത്സരത്തിലും എതിരാളികള്‍ക്ക് മുന്നില്‍ മുംബൈക്ക് കീഴടങ്ങേണ്ടി വന്നു. പിന്നീടുള്ള മത്സരങ്ങളില്‍ പതിയെ ട്രാക്കിലേക്കെത്തിയ ടീം ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പകുതിയില്‍ നടത്തിയ കുതിപ്പ് എതിരാളികളെയെല്ലാം ഭയപ്പെടുത്തുന്ന തരത്തിലായിരുന്നു.
മുംബൈയുടെ ഈ കുതിപ്പിന് ചുക്കാന്‍ പിടിച്ചത് മധ്യനിരയില്‍ റണ്‍സടിച്ചുകൂട്ടിയ സൂര്യകുമാര്‍ യാദവാണ്. സീസണിന്‍റെ തുടക്കത്തില്‍ നിറം മങ്ങിയ പ്രകടനമായിരുന്നു താരത്തിന്‍റേത്. പിന്നീട് പതിയെ താളം കണ്ടെത്തിയ താരത്തിന്‍റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകിക്കൊണ്ടേയിരുന്നു.
ഐപിഎല്‍ പ്ലേഓഫിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിന്‍റെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്‌ടമായി. എന്നാല്‍, ഒരുവശത്ത് സൂര്യകുമാര്‍ യാദവ് നങ്കൂരമിട്ടിരുന്നത് മുംബൈ ക്യാമ്പില്‍ പകര്‍ന്ന ആശ്വാസം ചെറുതായിരുന്നില്ല. ഒരുവശത്ത് വിക്കറ്റ് കൊഴിയുമ്പോഴും മറുവശത്ത് റണ്‍സുയര്‍ത്തിയ സൂര്യ, രോഹിതിനും സംഘത്തിനും പ്രതീക്ഷയായി.
എന്നാല്‍, തന്‍റെ ഒറ്റയാള്‍ പോരാട്ടം കൊണ്ട് മുംബൈ ഇന്ത്യന്‍സിനെ ജയത്തിലെത്തിക്കാന്‍ സൂര്യക്കായില്ല. 38 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് മത്സരത്തിന്‍റെ 15-ാം ഓവറിലാണ് പുറത്തായത്. ഗുജറാത്തിന്‍റെ വെറ്ററന്‍ ബൗളര്‍ മോഹിത് ശര്‍മയായിരുന്നു മുംബൈ ബാറ്ററെ പുറത്താക്കിയത്.
ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിക്കാത്തതില്‍ നിരാശനായിരുന്നു സൂര്യ. മോഹിതിന്‍റെ പന്തില്‍ ബൗള്‍ഡായ താരം ക്രീസില്‍ കുറച്ചുനേരം നിന്ന ശേഷമായിരുന്നു തിരികെ മടങ്ങിയത്. സൂര്യ പുറത്തായതിന് പിന്നാലെ മുംബൈയുടെ കുതിപ്പും അവസാനിച്ചു.