ലഖ്‌നൗ :അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എംഎസ് ധോണി നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) മാത്രമായാണ് കളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ നായകനായ 41- കാരനായ താരം ഐപിഎല്ലിലും തന്‍റെ കരിയറിന്‍റെ അവസാന പാദങ്ങളിലാണെന്ന് പൊതുവെ സംസാരമുണ്ട്. ഐപിഎല്‍ മതിയാക്കിയാല്‍ ക്രിക്കറ്റ് ലോകത്ത് എന്തുചുമതലയിലാവും ധോണിയുണ്ടാവുകയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
എന്നാല്‍ താരം ഇന്ത്യൻ ദേശീയ ടീമിന്‍റെ പരിശീലകനായെത്തുമോയെന്ന ചോദ്യത്തില്‍ തന്‍റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ധോണിക്ക് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായി ചുമതലയേൽക്കാനാകുമെന്നും എന്നാൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ അതിന് കഴിയില്ലെന്നുമാണ് ഗവാസ്‌കര്‍ പറയുന്നത്. താന്‍ ഒപ്പം കളിച്ച താരങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന ഒരാളാവും മുമ്പ് ധോണി ഒരു ഇടവേള (കൂളിങ് ഓഫ് പിരീഡ്) എടുക്കണമെന്നാണ് ഗവാസ്‌കർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
'എംഎസ് ധോണിക്ക് കുറച്ച് കഴിഞ്ഞ് (ഇന്ത്യൻ ടീമിൽ) പരിശീലകന്‍റെ ചുമതല ഏറ്റെടുക്കാം. അത് അങ്ങനെയായിരിക്കണമെന്നാണ് ഞാൻ കരുതുന്നത്. ഒരു കളിക്കാരനായി വിരമിച്ചതിന് ശേഷം അതേ ടീമിനൊപ്പം എന്തെങ്കിലും ചുമതല ഏറ്റെടുക്കും മുമ്പ് കുറച്ച് കൂളിങ് ഓഫ് പിരീഡ് ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
സെലക്ഷൻ കമ്മിറ്റി അംഗമോ, മാനേജരോ പരിശീലകനോ ആകട്ടെ, നിങ്ങൾ ഒപ്പം കളിച്ചിരുന്ന താരങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനാൽ നിങ്ങൾക്ക് രണ്ട് അല്ലെങ്കിൽ മൂന്ന് വർഷത്തെ കൂളിങ് പിരീഡ് ആവശ്യമാണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. നിങ്ങൾ ആർക്കും മൂന്ന് വർഷത്തെ കൂളിങ് ഓഫ് പിരീഡ് നൽകാം, എന്നിട്ട് അതേക്കുറിച്ച് നോക്കാം' - ഗവാസ്‌കര്‍ പറഞ്ഞു.