മുംബൈ:2024ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയെ പരിഗണിക്കുന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലെന്ന് സുനില്‍ ഗവാസ്‌കര്‍. അടുത്ത ലോകകപ്പിന് മുന്‍പ് കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. അപ്പോഴത്തെ ഫോം പരിഗണിച്ച ശേഷം മാത്രമെ ഇതില്‍ മറുപടി പറയാന്‍ സാധിക്കുകയുള്ളൂവെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. അതിന് ശേഷം നടന്ന ടി20 പരമ്പരകളില്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ യുവതാരങ്ങള്‍ അണിനിരന്ന ടീമിനെയാണ് പല പരമ്പരകള്‍ക്കും ബിസിസിഐ തെരഞ്ഞെടുത്തത്.
ഈ സാഹചര്യത്തില്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ടി20 കരിയര്‍ അവസാനിച്ചുവെന്ന അഭ്യൂഹങ്ങളും പരക്കെ പരന്നിരുന്നു. എന്നാല്‍, ലോകകപ്പ് ഉള്‍പ്പടെയുള്ള ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ വിരാട് കോലിക്കായിരുന്നു. ഇതേപ്രകടനം, ഐപിഎല്ലിലും താരം തുടര്‍ന്ന സാഹചര്യത്തിലാണ് അടുത്ത ടി20 ലോകകപ്പിലും താരത്തിന് അവസരം നല്‍കണോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയത്.
Also Read :IPL 2023 | സെഞ്ച്വറി 'രാജാവ്' കോലി തന്നെ, ക്രിസ് ഗെയിലിന്‍റെ റെക്കോഡ് മറികടന്ന് ആര്‍സിബി സൂപ്പര്‍ സ്റ്റാര്‍
'അടുത്ത ടി20 ലോകകപ്പ് 2024ല്‍ ആണ് നടക്കുന്നത്. അതിന് മുന്‍പുള്ള മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ മറ്റൊരു ഐപിഎല്‍ നടക്കും. വിരാട് കോലിയുടെ ആ ഘട്ടത്തിലെ ഫോം ആണ് നിരീക്ഷിക്കേണ്ടത്.
ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിച്ചിട്ട് കാര്യമുണ്ടെന്ന് തോനുന്നില്ല. വരുന്ന ഒരു രാജ്യാന്തര ടി20 മത്സരത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നതെങ്കില്‍, അദ്ദേഹത്തിന് തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കും. അതിന് വേണ്ട പ്രകടനങ്ങള്‍ കോലി പുറത്തെടുത്തിട്ടുണ്ട്.
വിന്‍ഡീസിലും അമേരിക്കയിലുമായാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്ലില്‍ താരങ്ങളുടെ ഫോം നിരീക്ഷിക്കണം. അതിന് ശേഷം നമുക്ക് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ സെലക്ഷനെ കുറിച്ച് സംസാരിക്കാം', ഗവാസ്‌കര്‍ പറഞ്ഞു.
Also Read :IPL 2023| 'ടി20 ക്രിക്കറ്റില്‍ കാലം കഴിഞ്ഞു'; റെക്കോഡ് സെഞ്ച്വറിക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിരാട് കോലി
ഐപിഎല്‍ പതിനാറാം പതിപ്പില്‍ 14 മത്സരങ്ങളില്‍ നിന്നും 53.25 ശരാശരിയില്‍ 639 റണ്‍സാണ് വിരാട് കോലി നേടിയത്. രണ്ട് സെഞ്ച്വറികളും ഇത്തവണ താരം നേടിയിരുന്നു. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന രാജ്യാന്തര ടി20 മത്സരങ്ങളില്‍ വിരാട് കോലി ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
'നിലവിലെ ഫോം പരിഗണിക്കുകയാണെങ്കില്‍, വിരാട് തീര്‍ച്ചയായും എന്‍റെ ടി20 ടീമില്‍ ഉണ്ടാകും. ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറികള്‍ നേടാന്‍ അവനായി. 50 പോലും അടിച്ചെടുക്കാന്‍ ബുദ്ധിമുട്ടായ സാഹചര്യങ്ങളില്‍ സെഞ്ച്വറികള്‍ നേടുന്നത് വലിയ കാര്യമാണ്', സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.