ചെന്നൈ :ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ അവസാന ഹോം മത്സരത്തിന് ശേഷം അവിസ്‌മരണീയമായ നിമിഷങ്ങള്‍ക്കാണ് ചെപ്പോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തോല്‍വി വഴങ്ങിയ ശേഷം സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ ചെന്നൈ നായകന്‍ എംഎസ് ധോണിക്കൊപ്പം ആരാധകരെ അഭിവാദ്യം ചെയ്യാന്‍ മൈതാനം വലംവച്ചിരുന്നു. ഈ സമയം ചെന്നൈ താരങ്ങള്‍ ധോണിയുടെ ഒപ്പ് രേഖപ്പെടുത്തിയ ജഴ്‌സികള്‍ ആരാധകര്‍ക്കിടയിലേക്ക് എറിയുകയും റാക്കറ്റ് ഉപയോഗിച്ച് ടെന്നീസ് ബോളുകള്‍ അടിച്ചിടുകയും ചെയ്‌തിരുന്നു.
ഇതിനിടെ ഏവരെയും വിസ്‌മയിപ്പിച്ച ഒന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ എംഎസ് ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങാനെത്തിയത്. ആരാധകരെ അഭിവാദ്യം ചെയ്‌ത് നടക്കുന്നതിനിടെ ധോണിയുടെ അരികിലേക്ക് എത്തിയ ഗവാസ്‌കര്‍ താന്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടിലാണ് ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങിയത്. മത്സരശേഷം പുറത്തുവന്ന ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. ഇപ്പോള്‍, താന്‍ എന്തുകൊണ്ടാണ് ധോണിയുടെ പക്കല്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാനെത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.
'എംഎസ് ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സും ചെപ്പോക്കില്‍ ലാപ്പ് ഓഫ് ഓണര്‍ നടത്താന്‍ പോകുന്നുവെന്ന് അറിഞ്ഞ സമയത്ത് തന്നെ ഇവിടെ നിന്നും ഒരിക്കലും മറക്കാനാകാത്ത ഒരു നിമിഷം സൃഷ്‌ടിക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ഓട്ടോഗ്രാഫ് വാങ്ങാനായി ഞാന്‍ ധോണിക്കരികിലേക്ക് ഓടിയത്. ചെപ്പോക്കിലെ അദ്ദേഹത്തിന്‍റെ അവസാന മത്സരമായിരുന്നു ഇത്.
Also Read :IPL 2023 | ഗവാസ്‌കറിന് ഓട്ടോഗ്രാഫ്, വിരമിക്കല്‍ സീസൺ എന്ന് അഭ്യൂഹം: ചെപ്പോക്കില്‍ വലംവച്ച് ആരാധകരെ അഭിവാദ്യം ചെയ്‌ത് ധോണി
ചെന്നൈ പ്ലേഓഫിലെത്തിയാല്‍ തീര്‍ച്ചയായും അദ്ദേഹത്തിന് ഇവിടെ കളിക്കാന്‍ വീണ്ടും അവസരം ലഭിക്കും. എന്നിരുന്നാലും, കഴിഞ്ഞ് പോയ ആ സമയത്തെ മനോഹരമാക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഗ്രൗണ്ടിലുണ്ടായിരുന്ന കാമറ യൂണിറ്റിലെ ഒരാളുടെ കൈവശം മാര്‍ക്കര്‍ പേനയുണ്ടായിരുന്നത് എന്‍റെ ഭാഗ്യമാണ്.
ആ വ്യക്തിയോടും ഈ നിമിഷത്തില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു' - ഗവാസ്‌കര്‍ വ്യക്തമാക്കി. ചെന്നൈ കൊല്‍ക്കത്ത മത്സരത്തിന് ശേഷം സ്റ്റാര്‍സ്‌പോര്‍ട്‌സ് ചാനലില്‍ നടന്ന പരിപാടിയിലായിരുന്നു സുനില്‍ ഗവാസ്‌കറിന്‍റെ പ്രതികരണം. തനിക്ക് ഓട്ടോഗ്രാഫ് നല്‍കിയതില്‍ ചെന്നൈ നായകന് സുനില്‍ ഗവാസ്‌കര്‍ ഈ പരിപാടിയിലൂടെ നന്ദിയും രേഖപ്പെടുത്തി.
'ധോണിയുടെ അടുത്ത് ചെന്ന് എന്‍റെ ഷര്‍ട്ടില്‍ ഒരു ഓട്ടോഗ്രാഫ് നല്‍കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. അത് അദ്ദേഹം അംഗീകരിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായൊരു നിമിഷമായിരുന്നു അത്. കാരണം, ഇന്ത്യന്‍ ക്രിക്കറ്റിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരാളാണ് എംഎസ് ധോണി' - ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
Also Read :IPL 2023| 'എംഎസ് ധോണിയെപ്പോലുള്ള താരങ്ങള്‍ വരുന്നത് നൂറ്റാണ്ടിലൊരിക്കല്‍': സുനില്‍ ഗവാസ്‌കര്‍
അതേസമയം, കൊല്‍ക്കത്തയ്‌ക്കെതിരായ തോല്‍വിയോടെ ഐപിഎല്‍ പതിനാറാം പതിപ്പിലെ അവസാന മത്സരം ചെന്നൈക്ക് നിര്‍ണായകമായിട്ടുണ്ട്. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ജയം പിടിച്ചാലേ ചെന്നൈക്ക് പ്ലേഓഫിലേക്ക് കുതിക്കാനാകൂ. മെയ് 20നാണ് ഈ മത്സരം.