മുംബൈ : രാജസ്ഥാന്‍ റോയല്‍സ് ഫിനിഷര്‍ ഹെറ്റ്മയറിന് എതിരായ മോശം പരാമര്‍ശത്തില്‍ മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്‌കറിനെതിരെ രൂക്ഷവിമര്‍ശനം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തിലെ കമന്‍ററിക്കിടെയായിരുന്നു വിവാദ പരാമര്‍ശം. ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നാലുവിക്കറ്റ് നഷ്‌ടമായി പതറിയപ്പോഴായിരുന്നു ഹെറ്റ്മയർ ക്രീസിലെത്തിയത്.
തന്‍റെ ആദ്യ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോയതിന് ശേഷം മടങ്ങി എത്തിയതായിരുന്നു ഹെറ്റ്മയര്‍. ഹെറ്റ്മയര്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍, 'ഹെറ്റ്മയറുടെ ഭാര്യ ഡെലിവര്‍ ചെയ്‌തു, റോയല്‍സിനുവേണ്ടി ഇനി ഹെറ്റ്മയര്‍ ഡെലിവര്‍ ചെയ്യുമോ..?' എന്നായിരുന്നു ഗവാസ്‌കറുടെ ചോദ്യം.
ഗവാസ്‌കറുടെ കമന്‍ററിക്കെതിരെ നേരത്തെയും വിമര്‍ശനമുയര്‍ന്നിരുന്നു. മലയാളി താരം സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ഗവാസ്‌കര്‍ പലപ്പോഴും റിഷഭ് പന്തിനെയും കെ എല്‍ രാഹുലിനെയുമെല്ലാം നിര്‍ലോഭം പുകഴ്ത്തുന്നതും ആരാധകരുടെ അതൃപ്‌തിക്ക് കാരണമായിരുന്നു.