അഹമ്മദാബാദ്:2023 മെയ് 26, അത് ശുഭ്‌മാന്‍ ഗില്ലിന്‍റെ ദിവസമായിരുന്നു. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ നിറഞ്ഞാടി. പതിഞ്ഞ താളത്തില്‍ കളി തുടങ്ങിയ ശുഭ്‌മാന്‍ ഗില്‍ പിന്നീട് കത്തിക്കയറിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളര്‍മാരെല്ലാം ആ ബാറ്റിന്‍റെ ചൂടറിഞ്ഞു.
പതിയെ ആയിരുന്നു ശുഭ്‌മാന്‍ ഗില്‍ തുടങ്ങിയത്. പവര്‍പ്ലേയുടെ അവസാന ഓവറുകളിലേക്ക് എത്തിയപ്പോള്‍ ഗില്‍ ഇന്നിങ്‌സിന് അല്‍പ്പമൊന്ന് വേഗം കൂട്ടി. ഇതിന് പിന്നാലെ താരത്തെ പുറത്താക്കാന്‍ ലഭിച്ച ഒരു അവസരം ടിം ഡേവിഡ് നഷ്‌ടപ്പെടുത്തി.
ഈ സമയം, 19 പന്തില്‍ 30 റണ്‍സായിരുന്നു ഗില്‍ നേടിയത്. പവര്‍പ്ലേ അവസാനിച്ചതിന് പിന്നാലെ തന്നെ വൃദ്ധിമാന്‍ സാഹയെ ഗുജറാത്തിന് നഷ്‌ടമായി. ഇതിന് പിന്നാലെ ആക്രമണത്തിന്‍റെ നിയന്ത്രണം 23കാരന്‍ ഏറ്റെടുത്തു.
നേരിട്ട 32-ാം പന്തില്‍ ഗില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നെ മുംബൈ ബൗളര്‍മാര്‍ തലങ്ങും വിലങ്ങും ഗാലറികളിലേക്ക് പറന്നു. ആകാശ് മധ്വാള്‍ എന്ന വജ്രായുധത്തെ കൊണ്ടുവന്നിട്ടും ഗില്ലിനെ പൂട്ടാന്‍ രോഹിതിനായില്ല.
ആദ്യ എലിമിനേറ്ററില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ മധ്വാള്‍ എറിഞ്ഞ 12-ാം ഓവറില്‍ മൂന്ന് സിക്‌സറുകളാണ് ഗില്‍ അടിച്ചുപറത്തിയത്. ക്രിസ് ഗ്രീന്‍ എറിഞ്ഞ 14-ാം ഓവറിന്‍റെ ആദ്യ പന്തില്‍ സിംഗിളെടുത്തായിരുന്നു താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ആദ്യ 50ല്‍ നിന്നും രണ്ടാം അമ്പതിലേക്ക് എത്താന്‍ 17 പന്തുകള്‍ മാത്രമായിരുന്നു ഗില്ലിന് ആവശ്യമായി വന്നത്. ഈ സീസണില്‍ താരത്തിന്‍റെ മൂന്നാമത്തെ സെഞ്ച്വറി കൂടിയായിരുന്നുവിത്. നേരത്തെ ലീഗ് സ്റ്റേജിലെ അവസാന രണ്ട് മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു താരത്തിന്‍റെ സെഞ്ച്വറി നേട്ടം.
നൂറ് പിന്നിട്ടിട്ടും ഗില്ലിന്‍റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകിക്കൊണ്ടേയിരുന്നു. ഒടുവില്‍ മത്സരത്തിന്‍റെ 17-ാം ഓവറിലാണ് ഗില്ലിനെ പൂട്ടാന്‍ മുംബൈ ഇന്ത്യന്‍സിനായത്. ആകാശ് മധ്വാള്‍ ആയിരുന്നു ഗുജറാത്ത് ഓപ്പണറുടെ വിക്കറ്റ് നേടിയത്.
മധ്വാളിനെതിരെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച താരത്തെ ഡീപ് മിഡ് വിക്കറ്റില്‍ ടിം ഡേവിഡ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ ഡേവിഡ് നല്‍കിയ ജീവന്‍ വച്ച് തകര്‍ത്തടിച്ച താരം 60 പന്തില്‍ 129 റണ്‍സുമായാണ് മടങ്ങിയത്. പത്ത് സിക്‌സും ഏഴ് ഫോറും അടങ്ങിയതായിരുന്നു ഗില്ലിന്‍റെ മിന്നല്‍ ഇന്നിങ്‌സ്.
സെഞ്ച്വറിയോടെ ഐപിഎല്‍ പതിനാറാം പതിപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലും ഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഫാഫ് ഡുപ്ലെസിസിനെയാണ് ഗില്‍ മറികടന്നത്. 16 മത്സരങ്ങളില്‍ നിന്നും 851 റണ്‍സാണ് ഗില്‍ ഇതുവരെ അടിച്ചുകൂട്ടിയത്.
156.43 സ്ട്രൈക്ക് റേറ്റില്‍ 60.79 ശരാശരിയിലാണ് ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകിയത്. മൂന്ന് സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയും ഗില്‍ ഇത്തവണ അടിച്ചെടുത്തിട്ടുണ്ട്.
More Read :IPL 2023 | ബൈ..ബൈ..മും'ബൈ'; അഹമ്മദാബാദിൽ നിറഞ്ഞാടി പാണ്ഡ്യപ്പട, ഐപിഎല്ലിൽ ചെന്നൈ- ഗുജറാത്ത് ഫൈനൽ