ചെന്നൈ:ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യ ക്വാളിഫയറിനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ലീഗിലെ അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഹാര്‍ദിക്കിന്‍റെയും സംഘത്തിന്‍റെയും വരവ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ജയം പിടിക്കാനായാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഐപിഎല്‍ കലാശപ്പോരാട്ടത്തിനിറങ്ങാം.
എന്നാല്‍, ചെപ്പോക്കില്‍ ധോണിപ്പടയെ മലര്‍ത്തിയടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്‌പിന്നര്‍മാരെ സഹായിക്കുന്ന പിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഹോം ഗ്രൗണ്ടിലേത്. ഈ സീസണില്‍ ഇവിടെ നിന്നും നാല് ജയമാണ് ചെന്നൈ സ്വന്തമാക്കിയത്.
കണക്കുകള്‍ ഇങ്ങനെയാണെങ്കിലും, ക്വാളിഫയറിന് ഇറങ്ങും മുന്‍പ് തന്നെ ചെന്നൈ തങ്ങളെ ഒന്ന് കരുതിയിരിക്കണം എന്ന മുന്നറിയിപ്പ് ഗുജറാത്ത് സ്റ്റാര്‍ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്‍ നല്‍കിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് ശേഷമായിരുന്നു ഗില്ലിന്‍റെ പ്രതികരണം. ചെപ്പോക്കിലെ പിച്ചില്‍ ആതിഥേയര്‍ക്ക് മേല്‍ വെല്ലുവിളിയുയര്‍ത്താന്‍ കഴിവുള്ള ബൗളിങ് നിര തങ്ങള്‍ക്കുണ്ടെന്ന് ഗില്‍ പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ കളിക്കുക എന്നത് വളരെ ആവേശം നിറഞ്ഞ ഒരു കാര്യമാണ്. അവിടെ ചെപ്പോക്കിലെ വിക്കറ്റിലും മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിവുള്ള ബൗളര്‍മാര്‍ ഞങ്ങള്‍ക്കൊപ്പവും ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ചെപ്പോക്കില്‍ വിജയം നേടി തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ഐപിഎല്‍ ഫൈനലിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്', ശുഭ്‌മാന്‍ ഗില്‍ പറഞ്ഞു.