അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. സീസണിലെ 16 മത്സരങ്ങളിലും ഗുജറാത്ത് ജഴ്‌സിയില്‍ കളത്തിലിറങ്ങിയ ഗില്‍ ഇതുവരെ 851 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറിയും താരം ഇക്കുറി നേടിയിട്ടുണ്ട്.
ഐപിഎല്‍ പതിനാറാം പതിപ്പിലെ രണ്ടാം ക്വാളിഫയറില്‍ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു ശുഭ്‌മാന്‍ ഗില്‍ തന്‍റെ മൂന്നാം സെഞ്ച്വറി നേടിയത്. 60 പന്ത് നേരിട്ട ഗില്‍ 129 റണ്‍സടിച്ചായിരുന്നു പുറത്തായത്. പത്ത് സിക്‌സും ഏഴ് ഫോറും അടങ്ങിയതായിരുന്നു ഗില്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറി.
ഓപ്പണറായി ക്രീസിലെത്തിയ ഗില്‍ 17-ാം ഓവറിലാണ് പുറത്തായത്. മുംബൈയുടെ ആകാശ് മധ്വാള്‍ ആയിരുന്നു മത്സരത്തില്‍ ഗില്ലിന്‍റെ കുതിപ്പിന് തടയിട്ടത്. പിന്നാലെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ്ങിനെത്തിയപ്പോള്‍ ഗില്ലിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്‌ത ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പകരം ഐറിഷ് പേസറായ ജോഷുവ ലിറ്റിലിനെയാണ് കളത്തിലേക്ക് ഇറക്കിയത്.
മറുപടി ബാറ്റിങ്ങില്‍ തിലക് വര്‍മ്മയും സൂര്യകുമാര്‍ യാദവും മുംബൈക്ക് വേണ്ടി റണ്‍സടിച്ചപ്പോള്‍ അതെല്ലാം ഡഗ്ഔട്ടില്‍ ഇരുന്ന് കാണാന്‍ ശുഭ്‌മാന്‍ ഗില്ലിനായി. ഇതിനിടെ ബാറ്റിങ് ഇതിഹാസവും മുംബൈ ഇന്ത്യന്‍സിന്‍റെ മെന്‍ററുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുമായും സംസാരിക്കാന്‍ ഗില്‍ സമയം കണ്ടെത്തി. മത്സരത്തിനിടെ ഏറെ നേരമാണ് ശുഭ്‌മാന്‍ ഗില്‍ സച്ചിനുമായി സംസാരിച്ചിരുന്നത്. പിന്നാലെ, പുറത്തുവന്ന ഇതിന്‍റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരുന്നു.
നേരത്തെ, ശുഭ്‌മാന്‍ ഗില്‍ തന്‍റെ ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ച്വറി നേടിയപ്പോള്‍ ഒരു രസകരമായ ട്വീറ്റ് രേഖപ്പെടുത്തി സച്ചിന്‍ രംഗത്തെത്തിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഗില്ലിന്‍റെ ഈ സെഞ്ച്വറിക്കരുത്തില്‍ ഗുജറാത്ത് ജയിച്ചതിന് പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പതിനാറാം പതിപ്പിലെ പ്ലേഓഫില്‍ എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് സച്ചിന്‍റെ ട്വീറ്റ്.