അഹമ്മദാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. ഉദ്‌ഘാടന മത്സരത്തില്‍ തുടങ്ങിയ റണ്‍വേട്ട സീസണിലുടനീളം ആവര്‍ത്തിക്കാന്‍ താരത്തിനായി. ഗുജറാത്തിനെ തുടര്‍ച്ചയായ രണ്ടാം വട്ടവും ഐപിഎല്‍ ഫൈനലിലെത്തിക്കുന്നതില്‍ ഗില്‍ വഹിച്ച പങ്ക് തെല്ലും ചെറുതല്ല.
16 മത്സരം കളിച്ച ശുഭ്‌മാന്‍ ഗില്‍ 851 റണ്‍സ് ഇതുവരെ അടിച്ചുകൂട്ടി. 325 റണ്‍സ് നേടിയ ക്യാപ്‌റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിനായി ഈ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം. ഇതില്‍ നിന്ന് തന്നെ ഇക്കുറി ഗുജറാത്തിന് പിന്നിലുള്ള കാരണം വ്യക്തമാണ്.
2023ന്‍റെ തുടക്കത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പുറത്തെടുത്ത മികവ് ഐപിഎല്ലിലും ആവര്‍ത്തിക്കാന്‍ ഗില്ലിന് സാധിച്ചു. ഇതോടെ തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശുന്ന താരത്തിന് പ്രശംസയുമായി നിരവധി പേരും രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി സൂപ്പര്‍ സ്റ്റാര്‍ ശുഭ്‌മാന്‍ ഗില്‍ ആയിരിക്കുമെന്നാണ് പലരുടെയും അഭിപ്രായം.
സ്ഥിരതയോടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം പുറത്തെടുക്കുന്ന ഗില്ലിന് 'ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ രാജകുമാരന്‍' എന്ന വിളിപ്പേരും ആരാധകര്‍ ചാര്‍ത്തിക്കൊടുത്തു. പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി എന്നിവരുമായും ഗില്ലിനെ താരതമ്യപ്പെടുത്തി തുടങ്ങി. ഇപ്പോള്‍ ഈ താരതമ്യപ്പെടുത്തലുകള്‍ക്ക് മറുപടിയുമായി ഈ 23കാരന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
Also Read :അന്ന് ഇരുപത്തിമൂന്നാം വയസില്‍ കോലി, ഇന്ന് അതേപ്രായത്തില്‍ മറ്റൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 'പുതിയ മുഖം' ആകുന്നു: പൃഥ്വിരാജ്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവരുടെ 'ലെഗസി'യെ ഒരിക്കലും നിര്‍വചിക്കാന്‍ സാധിക്കില്ലെന്ന് ഗില്‍ പറഞ്ഞു. ഐപിഎല്‍ പതിനാറാം പതിപ്പിലെ ഫൈനല്‍ പോരാട്ടത്തിന് മുന്‍പ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗില്ലിന്‍റെ പ്രതികരണം.
'ഈ താരതമ്യപ്പെടുത്തലുകളെല്ലാം ആളുകള്‍ക്ക് വലിയ കാര്യമാണ്. എന്നാല്‍ ഞാന്‍ അതിനെ അങ്ങനെയല്ല കാണുന്നത്. സച്ചിന്‍ സാറും വിരാട് ഭായും രോഹിത് ശര്‍മ്മയുമെല്ലാം അവരുടെ തലമുറയില്‍ നിന്നും പ്രചോദനം കൊണ്ട് വന്നവരാണ്.
1983ല്‍ നമ്മള്‍ ലോകകപ്പ് നേടിയിരുന്നില്ലെങ്കില്‍, ഇവിടെയൊരു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍, 2011ലെ ലോകകപ്പ് നമുക്ക് നേടാനായിരുന്നില്ലെങ്കില്‍ ഞാന്‍ ഇത്രയധികം പ്രചോദിതനാകുമോ. ചിലപ്പോള്‍ ആയിരിക്കാം അല്ലെങ്കില്‍ അല്ലായിരിക്കാം. അതുകൊണ്ട് തന്നെ അവരുടെയെല്ലാം കഥകള്‍ അനശ്വരമായ ഒന്നാണ്. ആര്‍ക്കും അവരുടെ ലെഗസിയെ ഒരിക്കലും നിര്‍വചിക്കാന്‍ കഴിയില്ല', ഗില്‍ പറഞ്ഞു.
ഈ ഐപിഎല്‍ സീസണില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുക്കുന്ന ഗില്‍ മൂന്ന് സെഞ്ച്വറികളും നാല് അര്‍ധസെഞ്ച്വറിയും അടിച്ചെടുത്തിട്ടുണ്ട്. 60.70 ശരാശരിയില്‍ റണ്‍സടിച്ചുകൂട്ടുന്ന താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 156 ആണ്. അഹമ്മദാബാദില്‍ ഐപിഎല്‍ കലാശപ്പോരിനിറങ്ങുമ്പോഴും ഗുജറാത്തിന്‍റെ റണ്‍സ് പ്രതീക്ഷ ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിലാണ്.
Also Read :IPL 2023 | കൊല്‍ക്കത്തയുടെ 'വലിയ മണ്ടത്തരം': ശുഭ്‌മാൻ ഗില്ലിനെ കുറിച്ച് സ്‌കോട്ട് സ്റ്റൈറിസ്