ബെംഗളൂരു: ഐപിഎല്‍ പതിനാറാം പതിപ്പില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പ്ലേഓഫ് സ്വപ്‌നങ്ങളെ തല്ലിക്കെടുത്തിയത് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലാണ്. 52 പന്തില്‍ 104 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നപ്പോള്‍ ബാംഗ്ലൂരിന് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തേക്കുള്ള ടിക്കറ്റും ലഭിച്ചു. ഈ സീസണില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ടൈറ്റന്‍സിന്‍റെ അവസാന മത്സരത്തിലാണ് ഗില്‍ നേരത്തെ സെഞ്ച്വറിയടിച്ചത്. ചിന്നസ്വാമിയിലെ ശതകത്തോടെ ഐപിഎല്ലില്‍ തുടര്‍ച്ചായായി രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായും ഗില്‍ മാറി. ശിഖര്‍ ധവാന്‍, ജോസ് ബട്‌ലര്‍, വിരാട് കോലി എന്നിവരാണ് ഗില്ലിന് മുന്നേ ഈ പട്ടികയില്‍ ഇടം പിടിച്ച മറ്റ് താരങ്ങള്‍.
2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുമ്പോഴായിരുന്നു ശിഖര്‍ ധവാന്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ താരമായത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും പഞ്ചാബ് കിങ്‌സിനെതിരെയുമായിരുന്നു ധവാന്‍റെ സെഞ്ച്വറി നേട്ടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളെ പഞ്ഞിക്കിട്ട് 2022ലാണ് രാജസ്ഥാന്‍റെ ജോസ് ബട്‌ലര്‍ പട്ടികയില്‍ ഇടം പിടിച്ചത്.
ഗുജറാത്ത് ടെറ്റന്‍സിനെതിരായ മത്സരത്തിലെ സെഞ്ച്വറിയോടെയാണ് വിരാട് കോലിയും പട്ടികയില്‍ ഇടം പിടിച്ചത്. ഈ സീസണില്‍ നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു വിരാട് കോലി നൂറ് തികച്ചത്. വിരാടിന് പിന്നാലെയാണ് ഗില്ലിന്‍റെയും വരവ്.