കൊല്‍ക്കത്ത:ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ അവസാന പന്ത് വരെ പോരാടിയാണ് പഞ്ചാബ് കിങ്‌സ് ആതിഥേയര്‍ക്ക് മുന്നില്‍ വീണത്. അഞ്ച് വിക്കറ്റിനായിരുന്നു പഞ്ചാബിന്‍റെ തോല്‍വി. മത്സരത്തിന്‍റെ അവസാന പന്തില്‍ അര്‍ഷ്‌ദീപ് സിങ്ങിനെ ബൗണ്ടറി പായിച്ച് റിങ്കു സിങ് ആയിരുന്നു കൊല്‍ക്കത്തയെ ജയത്തിലേക്ക് നയിച്ചത്.
ഇതിന് പിന്നാലെ പഞ്ചാബ് പേസറെ പ്രശംസിച്ച് അവരുടെ നായകന്‍ ശിഖര്‍ ധവാന്‍ രംഗത്തെത്തി. അവസാന പന്തിലേക്ക് മത്സരം എത്തിച്ചതിനുള്ള ക്രെഡിറ്റ് മുഴുവനും അര്‍ഷ്‌ദീപിന് അവകാശപ്പെട്ടതായിരുന്നുവെന്ന് ധവാന്‍ പറഞ്ഞു. മത്സരത്തിന്‍റെ അവസാന ഓവറില്‍ ആറ് റണ്‍സ് ആയിരുന്നു കൊല്‍ക്കത്തയ്‌ക്ക് ജയം പിടിക്കാന്‍ വേണ്ടിയിരുന്നത്.
സാം കറന്‍ എറിഞ്ഞ 19-ാം ഓവറില്‍ തകര്‍ത്തടിച്ച കൊല്‍ക്കത്തയുടെ ആന്ദ്രേ റസല്‍ ക്രീസില്‍ നില്‍ക്കെയാണ് അര്‍ഷ്‌ദീപ് സിങ് അവസാന ഓവര്‍ എറിയാനെത്തിയത്. അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ റണ്‍സൊന്നുമെടുക്കാന്‍ റസലിന് സാധിച്ചില്ല. പിന്നീടുള്ള രണ്ട് പന്തിലും സിംഗിള്‍ ഓടിയെടുത്ത കെകെആര്‍ ബാറ്റര്‍മാര്‍ നാലാം പന്തില്‍ രണ്ട് റണ്‍സും കൂട്ടിച്ചേര്‍ത്തു.
തൊട്ടടുത്ത പന്തില്‍ റസല്‍ റണ്‍ഔട്ട് ആയതോടെ കൊല്‍ക്കത്തയ്‌ക്ക് ജയം പിടിക്കാന്‍ അവസാന പന്തില്‍ രണ്ട് റണ്‍സ് ആണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ അര്‍ഷ്‌ദീപിന് സാധിച്ചില്ല. അര്‍ഷ്‌ദീപിന്‍റെ ഫുള്‍ടോസ് ലെഗ്‌സൈഡിലെ ബൗണ്ടറിയിലേക്ക് പായിച്ച് റിങ്കു സിങ് ആതിഥേയര്‍ക്കായി ജയം പിടിച്ചു. ഈ പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു ശിഖര്‍ ധവാന്‍റെ പ്രതികരണം.