അഹമ്മദാബാദ്:ഐപിഎല്‍ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന മത്സരങ്ങളിലൊന്നാണ് ഇന്നലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന അഞ്ച് പന്ത് സിക്‌സര്‍ പറത്തി റിങ്കു സിങ് എന്ന ഇടം കയ്യന്‍ ബാറ്ററായിരുന്നു കൊല്‍ക്കത്തയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ റിങ്കു 21 പന്ത് നേരിട്ട് 48 റണ്‍സാണ് ഗുജറാത്തിനെതിരെ അടിച്ചുകൂട്ടിയത്.
ഗുജറാത്ത് -കൊല്‍ക്കത്ത പോരാട്ടത്തില്‍ യാഷ് ദയാല്‍ പന്തെറിയാനെത്തിയ അവസാന 29 റണ്‍സായിരുന്നു സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിന്‍റെ ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിളെടുത്തു. തൊട്ടടുത്ത അഞ്ച് പന്തുകളാണ് റിങ്കു ഗാലറിയിലെത്തിച്ചത്.
ഓവറിലെ അവസാന പന്തും അതിര്‍ത്തി കടന്നതിന് പിന്നാലെ കൊല്‍ക്കത്തന്‍ ടീം ഒന്നടങ്കമാണ് മത്സരത്തില്‍ ബാറ്റ് കൊണ്ട് മായാജാലം തീര്‍ത്ത റിങ്കുവിനടുത്തേക്ക് ഇരച്ചെത്തിയത്. പിന്നാലെ റിങ്കുവിനെ കെട്ടിപ്പിടിച്ചും പൊക്കിയെടുത്തുമെല്ലാമാണ് അവര്‍ തങ്ങളുടെ അവിശ്വസനീയ ജയം ആഘോഷിച്ചത്. പിന്നാലെ മൈതാനത്തിന് പുറത്തുനിന്നും നിരവധി അഭിനന്ദനങ്ങള്‍ റിങ്കുവിനെ തേടിയെത്തി.
അതില്‍ പ്രധാനപ്പെട്ട ഒന്നാണ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍റേത്. തോല്‍വി ഉറപ്പിച്ച മത്സരം ജയിച്ചതിന്‍റെ സന്തോഷത്തിലാണ് കിങ് ഖാനും. ഗുജറാത്തിനെതിരായ മത്സരത്തിന് പിന്നാലെ തന്നെ, കളിയിലെ ഹീറോയായ റിങ്കുവിന്‍റെ മുഖം വച്ച് എഡിറ്റ് ചെയ്‌ത തന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'പത്താന്‍റെ' പോസ്റ്റര്‍ ഷാരൂഖ് ഖാന്‍ ട്വിറ്ററിലൂടെ പങ്കിട്ടിരുന്നു.
Also Read:അന്ന് നിറകണ്ണുകളുമായി മടങ്ങി; ഇന്ന് അവന്‍ ആഹ്ളാദത്തിന്‍റെ കൊടുമുടിയില്‍, കൊല്‍ക്കത്തയുടെ സ്വന്തം റിങ്കു സിങ്
'എന്‍റെ കുഞ്ഞ്' (My Baby) എന്ന് വിശേഷിപ്പിച്ചാണ് റിങ്കുവിന് കിങ് ഖാന്‍ അഭിനന്ദനം അറിയിച്ചത്. ഒപ്പം കൊല്‍ക്കത്തന്‍ നായകന്‍ നിതീഷ് റാണ, വെങ്കിടേഷ് അയ്യര്‍ എന്നിവരുടെ പ്രകടനത്തേയും ടീം ഉടമ പ്രശംസിച്ചു. കൂടാതെ, ഷാരൂഖ് റിങ്കുവിനെ 'മേരാ ബച്ച' എന്ന് വിളിക്കുന്ന പഴയ ഒരു വീഡിയോയും കെകെആര്‍ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു.
നേരത്തെ, ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനും മകള്‍ സുഹാന ഖാനും ഇന്‍സ്റ്റഗ്രാമിലൂടെ റിങ്കു സിങ്ങിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരം കാര്‍ത്തിക്ക് ആര്യനും റിങ്കുവിന്‍റെ അഞ്ച് സിക്‌സ് പ്രകടനത്തെ പ്രശംസിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കാര്‍ത്തിക്ക് ആര്യന്‍റെ പ്രതികരണം.
ഈ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ ഹോം മത്സരം കാണാന്‍ ഷാരൂഖ് ഖാനും എത്തിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഈ മത്സരത്തിലാണ് കൊല്‍ക്കത്ത സീസണില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ടീം ഗുജറാത്തിനെ അവരുടെ തട്ടകത്തില്‍പ്പോയി തകര്‍ത്തത്.
ഐപിഎല്‍ 16-ാം പതിപ്പില്‍ ഗുജറാത്തിന്‍റെ ആദ്യ തോല്‍വി ആയിരുന്നു ഇത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയം സ്വന്തമാക്കിയ കൊല്‍ക്കത്ത നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏപ്രില്‍ 14ന് സണ്‍റൈസേഴ്‌സിനെതിരെയാണ് അവരുടെ അടുത്ത മത്സരം.
Also Read:IPL 2023 | അവസാന അഞ്ച് പന്തിലും സിക്‌സര്‍..!; മിന്നലായി റിങ്കു, അവിശ്വസനീയ ഫിനിഷിങ്ങ് കാണാം