എന്നും എപ്പോഴും അപ്രതീക്ഷിതമായത് സംഭവിക്കുന്നു എന്നതാണ് കുട്ടിക്രിക്കറ്റിന്‍റെ പ്രത്യേകത. ആരാലും അറിയപ്പെടാത്തവർ ഒരു ദിവസം കൊണ്ട് സൂപ്പർ താരങ്ങളാകും. ഇന്ത്യയില്‍ ഐപിഎല്‍ എന്ന പണപ്പെട്ടി കൂടി തുറന്നതോടെ ഒരു പിടി യുവതാരങ്ങൾ അപ്രതീക്ഷിതമായി സൂപ്പർ സ്റ്റാറുകളായി മാറി. അങ്ങനെയൊരു സൂപ്പർസ്റ്റാറിന്‍റെ ദിനമാണിന്ന്.
ഐപിഎല്ലില്‍ നായകനായി മലയാളി താരം സഞ്ജു സാംസൺ ഇന്ന് അരങ്ങേറ്റം കുറിക്കുകയാണ്. രാജസ്ഥാൻ റോയല്‍സിന്‍റെ നായകനായി സഞ്ജുവെത്തുമ്പോൾ ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് ആരാധകർക്ക് അഭിമാന നിമിഷം. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് പഞ്ചാബ് കിംഗ്‌സ് നായകൻ കെഎല്‍ രാഹുലിനൊപ്പം ടോസിടാൻ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ സഞ്ജുവുമുണ്ടാകും. ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ ആദ്യമത്സരമാണിന്ന് നടക്കുന്നത്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായിരുന്ന രാജസ്ഥൻ തലവര മാറ്റിയെഴുതാനാണ് അവരുടെ വിശ്വസ്ത താരത്തെ നായകനാക്കി അവതരിപ്പിക്കുന്നത്.
ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, ഈ സീസണിലെ താരലേലത്തിലെ സൂപ്പർ താരം ക്രിസ് മോറിസ് എന്നിവർക്കൊപ്പം ഇന്ത്യൻ യുവതാരം റയാൻ പരാഗ്, ഓൾറൗണ്ടർ ശിവം ദുബെ, കഴിഞ്ഞ സീസണിലെ വെടിക്കെട്ട് വീരൻ രാഹുല്‍ തെവാത്തിയ എന്നിവരടങ്ങുന്നതാണ് രാജസ്ഥാൻ ടീം. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം കുമാർ സംഗക്കാരയാണ് അണിയറയില്‍ തന്ത്രങ്ങൾ മെനയുന്നത്.
1994 നവംബർ 11ന് തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് ജനിച്ച സഞ്ജു വിശ്വനാഥ് സാംസൺ എന്ന സഞ്ജു ഐപിഎല്‍ നായകനാകുന്ന ആദ്യ മലയാളി താരമാണ്. 2014 അണ്ടർ 19 ഇന്ത്യൻ ടീമിന്‍റെ ഭാഗമായതോടെയാണ് സഞ്ജു ദേശീയ അന്തർദേശീയ തലത്തില്‍ ശ്രദ്ധേയനാകുന്നത്.
വലംകയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായ സഞ്ജു 2012ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സിലൂടെയാണ് ഐപിഎല്ലിന്‍റെ ഭാഗമാകുന്നത്. പക്ഷേ ആ സീസണില്‍ കളത്തിലിറങ്ങാതിരുന്ന താരം തൊട്ടടുത്ത വർഷം രാജസ്ഥാൻ റോയല്‍സിലെത്തിയതോടെയാണ് കളം നിറയുന്നത്. രാജസ്ഥാൻ ടീമില്‍ മുൻ ഇന്ത്യൻ നായകൻ രാഹുല്‍ ദ്രാവിഡാണ് സഞ്ജുവിലെ താരത്തെ വളർത്തിയെടുത്തത്. 18-ാം വയസുമുതല്‍ രാജസ്ഥാൻ ടീമിനൊപ്പമുള്ള സഞ്ജു ദ്രാവിഡിനെ കൂടാതെ ഷെയ്‌ൻ വാട്‌സൺ, സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ തുടങ്ങി വിവിധ ടീമുകളെ നയിച്ചവർക്കൊപ്പം കളിച്ച് വളർന്നതാണ്. രാജസ്ഥാൻ ടീമിനൊപ്പമുള്ള ഈ അനുഭവ പരിചയം സഞ്ജുവിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.