കൊല്‍ക്കത്ത:ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ജയം പിടിച്ചതിന് പിന്നാലെ യശസ്വി ജയ്‌സ്വാളിനും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനും പ്രശംസയുമായി സഞ്‌ജു സാംസണ്‍. ജയ്‌സ്വാള്‍ എന്ന യുവ ഇന്ത്യന്‍ താരത്തിനായി ജോസ് ബട്‌ലറെപ്പോലൊരു താരം വിക്കറ്റ് നഷ്‌ടപ്പെടുത്തുന്നത് ടീമിന്‍റെ അന്തരീക്ഷം എന്താണെന്ന് വ്യക്തമാക്കുന്നതാണ്. ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ചഹലിനെ ഇതിഹാസം എന്ന് വേണം വിശേഷിപ്പിക്കാന്‍ എന്നും സഞ്‌ജു പറഞ്ഞു.
'ഈ മത്സരത്തില്‍ എനിക്ക് കാര്യമായിട്ടൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വെറുതെ പന്ത് ബാറ്റില്‍ കൊള്ളിക്കുക, മറുവശത്ത് പോയി ജയ്‌സ്വാളിന്‍റെ ബാറ്റിങ് ആസ്വദിക്കുക. ഇത് മാത്രമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്.
ഈ സാഹചര്യങ്ങളുമായി ഞങ്ങള്‍ പൊരുത്തപ്പെട്ട് കഴിഞ്ഞു. പവര്‍പ്ലേയില്‍ ജയ്‌സ്വാള്‍ എങ്ങനെ ആയിരിക്കും ബാറ്റ് ചെയ്യുകയെന്ന് എതിര്‍ ടീമുകളിലെ ബൗളര്‍മാര്‍ക്ക് പോലും മനസിലായിട്ടുണ്ട്. ആദ്യ ആറോവറിലെ പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യുന്നത് അവന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്.
ജോസ് ബട്‌ലറിനെപ്പോലെ ഒരു താരം ജയ്‌സ്വാളിന് വേണ്ടി വിക്കറ്റ് നഷ്‌ടപ്പെടുത്തുന്നു. ഇതെല്ലാം തന്നെ ടീമിനുള്ളില്‍ താരങ്ങള്‍ തമ്മിലുള്ള അന്തരീക്ഷം എന്താണെന്ന് വ്യക്തമാക്കുന്നതാണ്.
കൊല്‍ക്കത്തയ്‌ക്കെതിരെ ജയം നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലിന് സമാനമായ രണ്ട് മത്സരങ്ങള്‍ കൂടി ഞങ്ങള്‍ക്ക് ശേഷിക്കുന്നുണ്ട്. ഐപിഎല്ലിലെ സമ്മര്‍ദം പെട്ടന്ന് വിട്ടുപോകില്ല. ഓരോ മത്സരവും എല്ലാ ഓവറുകളും തന്നെ നിര്‍ണായകമാണ്', സഞ്‌ജു പറഞ്ഞു.