അഹമ്മദാബാദ് :ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ (ഏപ്രില്‍ 16) അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഉള്‍പ്പടെ ഇരു ടീമുകളും നേരത്തെ തമ്മിലേറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും രാജസ്ഥാന് തോല്‍വിയോടെ മടങ്ങേണ്ടി വന്നിരുന്നു. അതിന്‍റെയെല്ലാം കടം വീട്ടല്‍ കൂടിയായിരുന്നു ഇന്നലത്തെ റോയല്‍സ് ജയം.
ഹര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ 3 വിക്കറ്റിന്‍റെ ആവേശജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 177 റണ്‍സ് നേടിയിരുന്നു. മറുപടിക്കിറങ്ങിയ രാജസ്ഥാനായി നായകന്‍ സഞ്‌ജുവും ഹെറ്റ്‌മെയറും അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ അവര്‍ 19.3 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
26 പന്തില്‍ 56 റണ്‍സ് അടിച്ചുകൂട്ടിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ആയിരുന്നു രാജസ്ഥാനെ ജയത്തിലെത്തിച്ചത്. നായകന്‍ സഞ്‌ജു സാംസണിന്‍റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ജയത്തിലേക്ക് കുതിക്കാനായി റോയല്‍സിന് അടിത്തറ പാകിയത്. 32 പന്ത് നേരിട്ട സഞ്‌ജു മത്സരത്തില്‍ 6 സിക്‌സറുകളുടെയും 3 ഫോറിന്‍റെയും അകമ്പടിയില്‍ 60 റണ്‍സ് നേടിയാണ് മടങ്ങിയത്.
ഗുജറാത്തിനെതിരായ തട്ടുപൊളിപ്പന്‍ പ്രകടനത്തോടെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും സഞ്‌ജുവിനായി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന് വേണ്ടി 3,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇന്നലെ സഞ്‌ജു സാംസണ്‍ സ്വന്തം പേരിലാക്കിയത്. പ്രഥമ സീസണിലെ ചാമ്പ്യന്‍മാരായ രാജസ്ഥാനായി കളത്തിലിറങ്ങിയ 115-ാം ഇന്നിങ്‌സിലായിരുന്നു സഞ്‌ജുവിന്‍റെ നേട്ടം.