ജയ്‌പൂര്‍:സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടേറ്റ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്. ഇനി ശേഷിക്കുന്ന മൂന്ന് കളികളും സഞ്‌ജുവിനും സംഘത്തിനും ജീവന്‍മരണപ്പോരാട്ടങ്ങളാണ്. മൂന്നിലും ജയം പിടിച്ചാലും മറ്റ് മത്സരങ്ങളുടെ ഫലങ്ങളെ കൂടി ആശ്രയിച്ച് മാത്രമായിരിക്കും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാന് ഇക്കുറി പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കുക.
ഇന്നലെ സവായ്‌മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറിലെ വമ്പന്‍ ട്വിസ്റ്റിന് പിന്നാലെയായിരുന്നു രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 5 റണ്‍സ് വേണ്ടിയിരിക്കെ സന്ദീപ് ശര്‍മ്മ എറിഞ്ഞ മത്സരത്തിലെ അവസാന പന്ത് നോ ബോള്‍ ആയി മാറിയതാണ് കളിയുടെ വിധി മാറ്റിയെഴുതിയത്. പിന്നാലെ സന്ദീപ് തങ്ങള്‍ക്ക് അനുകൂലമായ ഫലം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ആ നോ ബോള്‍ ആണ് മത്സരം റോയല്‍സിന്‍റെ കയ്യില്‍ നിന്നും തട്ടിയെടുത്തതെന്നും രാജസ്ഥാന്‍ നായകന്‍ സഞ്‌ജു പറഞ്ഞു.
'ഇതാണ് ഓരോ കളിയാസ്വാദകനും ഐപിഎല്‍ സമ്മാനിക്കുന്നത്. ഇതുപോലുള്ള മത്സരങ്ങളാണ് ഐപിഎല്ലിനെ കൂടുതല്‍ സവിശേഷമാക്കുന്നത്. ഒരു ഘട്ടത്തില്‍ പോലും മത്സരം അവസാനിക്കുന്നതിന് മുന്‍പ് ജയം നമ്മുടേതായി എന്ന് കരുതരുത്.
ഏത് എതിരാളിക്കും ഏത് സമയത്തും മത്സരത്തിലേക്ക് തിരിച്ചുവരാമെന്നും ജയം പിടിക്കാമെന്നും എനിക്കറിയാം. മികച്ച് രീതിയിലായിരുന്നു അവര്‍ ഈ മത്സരത്തില്‍ ബാറ്റ് ചെയ്‌തത്. അവസാന ഓവറില്‍ 17 റണ്‍സ് പ്രതിരോധിക്കാന്‍ സന്ദീപിന് സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും ഇതേ സമാന സാഹചര്യങ്ങളായിരുന്നു. അന്ന് അവന്‍ ഞങ്ങള്‍ക്ക് ജയം നേടിതന്നിരുന്നു. ഇന്ന് ഏറെക്കുറെ അവന്‍ ഞങ്ങളെ ജയത്തിലെത്തിച്ചിരുന്നു, എന്നാല്‍ ആ നോ ബോളാണ് മത്സരത്തിന്‍റെ ഫലം മാറ്റിയത്' സഞ്‌ജു പറഞ്ഞു. റോയല്‍സ് ബാറ്റര്‍മാര്‍ക്ക് മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നുവെന്നും സഞ്‌ജു കൂട്ടിച്ചേര്‍ത്തു.
സവായ്‌മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് 2 വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് 20 ഓവറില്‍ അടിച്ചെടുത്തത്. ജോസ് ബട്‌ലര്‍ (95) , സഞ്‌ജു സാംസണ്‍ (66) എന്നിവരുടെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറികളായിരുന്നു നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് തകര്‍പ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. യശസ്വി ജയ്‌സ്വാള്‍ റോയല്‍സിനായി 35 റണ്‍സ് നേടിയിരുന്നു.
215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിനായി അഭിഷേക് ശര്‍മ്മ (55) അര്‍ധസെഞ്ച്വറി നേടിയിരുന്നു. രാഹുല്‍ ത്രിപാഠിയും തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനമാണ് നടത്തിയത്. 29 പന്ത് നേരിട്ട താരം 47 റണ്‍സ് നേടിയാണ് പുറത്തായത്.
അവസാന ഘട്ടത്തില്‍ തകര്‍ത്തടിച്ച ഗ്ലെന്‍ ഫിലിപ്‌സാണ് കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരത്തിലേക്ക് സന്ദര്‍ശകരെ മടക്കിക്കൊണ്ടുവന്നത്. 7 പന്ത് നേരിട്ട ഫിലിപ്‌സ് 25 റണ്‍സ് നേടിയിരുന്നു. പിന്നാലെ അവസാന ഓവറിലെ അവസാന പന്തിലേക്ക് നീങ്ങിയ മത്സരം നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഹൈദരാബാദ് ജയം പിടിച്ചത്.
Also Read :IPL 2023 | ജയ്‌പൂരിലെ 'ആന്‍റിക്ലൈമാക്‌സ്', ആദ്യം ജയിച്ച രാജസ്ഥാന്‍ പിന്നെ തോറ്റു; സന്ദീപിന്‍റെ നോ ബോള്‍, സമദിന്‍റെ ഫിനിഷിങ് - വീഡിയോ