ചെന്നൈ:സഞ്ജുവും സംഘവും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ചെപ്പോക്കില്‍ ചരിത്ര ജയമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 2008 ന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയില്‍ ആതിഥേയര്‍ക്കെതിരെ നേടുന്ന ആദ്യത്തെ വിജയം കൂടിയായിരുന്നു ഇത്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു രാജസ്ഥാന്‍ ചെന്നൈയെ വീഴ്‌ത്തിയത്.
എം ചിദംബരം സ്റ്റേഡിയത്തില്‍ ചരിത്ര ജയം സ്വന്തമാക്കിയ ശേഷം ചെന്നൈ നായകന്‍ എംഎസ് ധോണിയുടെ പ്രകടനത്തെ പ്രശംസിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണ്‍ രംഗത്തെത്തിയിരുന്നു. ധോണി ക്രീസില്‍ നില്‍ക്കുന്ന സമയത്ത് മത്സരം ജയിച്ചുവെന്ന് ഒരിക്കലും കരുതാനാകില്ലെന്ന് സഞ്‌ജു അഭിപ്രായപ്പെട്ടു. പോസ്റ്റ് മാച്ച് പ്രസന്‍റേഷനിലായിരുന്നു റോയല്‍സ് നായകന്‍റെ പ്രതികരണം.
'അവസാനത്തെ രണ്ട് ഓവറുകള്‍ വളരെ സമ്മര്‍ദം നിറഞ്ഞതായിരുന്നു. മത്സരം പരമാവധി അവസാന പന്തിലേക്ക് എത്തിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. എന്നാല്‍ അദ്ദേഹം (എം എസ് ധോണി) ക്രീസിലുണ്ടെങ്കില്‍ മത്സരം ഞങ്ങളുടെ കൈകളിലാണെന്ന് പറയാന്‍ കഴിയില്ല. എംഎസ്‌ഡിക്കെതിരെ ഞങ്ങളുടെ ഒരു പ്ലാനും വര്‍ക്കായില്ല' -സഞ്‌ജു പറഞ്ഞു.
More Read:IPL 2023 | ആദ്യം പതറി, പിന്നെ തിരിച്ചുവന്നു ; അവസാന പന്തില്‍ 'തല'യെ പൂട്ടി സന്ദീപ് ശര്‍മ
മത്സരത്തില്‍ 17 പന്ത് നേരിട്ട എംഎസ് ധോണി 32 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു. അവസാന ഓവറില്‍ സന്ദീപ് ശര്‍മയുടെ പന്തില്‍ രണ്ട് സിക്‌സര്‍ പറത്തിയെങ്കിലും അദ്ദേഹത്തിന് ചെന്നൈയെ വിജയിത്തില്‍ എത്തിക്കാനായില്ല.
ചെപ്പോക്കിലെ ജയം ആഗ്രഹിച്ചിരുന്നത്:ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ വിജയത്തിന്‍റെ അവകാശികള്‍ ടീമിന്‍റെ മുഴുവന്‍ താരങ്ങളുമാണെന്നും സഞ്‌ജു പറഞ്ഞു. 'ജയത്തിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ടീം അംഗങ്ങള്‍ക്കാണ്. മികച്ച രീതിയില്‍ തന്നെ ബോളര്‍മാര്‍ പന്തെറിഞ്ഞു.
ഫീല്‍ഡിലും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ ടീമിന് സാധിച്ചു. എനിക്ക് ചെപ്പോക്കില്‍ ഓര്‍ത്തെടുക്കാന്‍ നല്ല ഓര്‍മകളൊന്നും ഉണ്ടായിരുന്നില്ല. ഇതിന് മുന്‍പ് ഒരു ജയം ഇവിടെ നിന്നും നേടാന്‍ എനിക്കായിട്ടില്ല. അതുകൊണ്ട് തന്നെ ഇവിടെ ഒരു വിജയം ഞാന്‍ ആഗ്രഹിച്ചിരുന്നതാണ്' സാംസണ്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ പകുതിയില്‍ പിച്ചില്‍ ടേണ്‍ സംഭവിക്കുന്നത് കാണാന്‍ കഴിഞ്ഞത് കൊണ്ടാണ് ബട്‌ലറെ മാറ്റി സാംപയെ ഇംപാക്‌ട് പ്ലെയറായി ഇറക്കിയതെന്നും സഞ്‌ജു വ്യക്തമാക്കി. 'സ്‌പിന്നിന് അനുകൂലമായ സാഹചര്യമായിരുന്നു ഇവിടുണ്ടായിരുന്നത്. അതുകൊണ്ടാണ് സാംപയെ ഇംപാക്‌ട് പ്ലെയറായി കൊണ്ടുവന്നത്. തുടക്കത്തിലെ റിതുവിനെ പുറത്താക്കി പവര്‍പ്ലേയില്‍ മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ക്കായിരുന്നു' -രാജസ്ഥാന്‍ നായകന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മൂന്ന് റണ്‍സിനായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ജയം പിടിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 175 റണ്‍സ് നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ ജോസ് ബട്‌ലര്‍ (52) ആയിരുന്നു രാജസ്ഥാന്‍ ടോപ് സ്കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 50 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയായിരുന്നു അവരുടെ ടോപ് സ്കോറര്‍. ധോണിക്കൊപ്പം ജഡേജയും (25) മത്സരത്തില്‍ പുറത്താകാതെ നിന്നു.
Also Read:IPL 2023| സഞ്‌ജുവിനെ ക്ലീന്‍ ബൗള്‍ഡാക്കി, ടി20 ക്രിക്കറ്റില്‍ സുപ്രധാന നേട്ടം സ്വന്തമാക്കി രവീന്ദ്ര ജഡേജ