ചെന്നൈ:ഐപിഎല്‍ പതിനാറാം പതിപ്പിനിടെ വാര്‍ത്ത തലക്കെട്ടുകളില്‍ കൂടുതല്‍ ഇടംപിടിച്ച ഒന്നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് താരം നവീന്‍ ഉല്‍ ഹഖും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയും തമ്മിലുള്ള പോര്. ടൂര്‍ണമെന്‍റിന്‍റെ ലീഗ് സ്റ്റേജില്‍ ഏകന സ്റ്റേഡിയത്തില്‍ ലഖ്‌നൗ - ബാംഗ്ലൂര്‍ പോരാട്ടത്തില്‍ ഇരു ടീമും തമ്മിലേറ്റുമുട്ടിയ സീസണിലെ രണ്ടാം മത്സരത്തില്‍ നിന്നായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. ആര്‍സിബിക്ക് ജയം നിര്‍ണായകമായ മത്സരത്തില്‍ സ്ലെഡ്‌ജിങ്ങിന് തുടക്കമിട്ടത് വിരാട് കോലിയാണ്.
പിന്നീട് മത്സരത്തില്‍ ബാംഗ്ലൂര്‍ ജയം പിടിച്ചു. ഇതിന് പിന്നാലെ ഹസ്‌തദാനം ചെയ്യുന്നതിനിടെ വിരാടിനോട് രോഷാകുലനായി സംസാരിച്ച നവീന്‍ ആര്‍സിബി സ്റ്റാര്‍ ബാറ്ററുടെ കൈ തള്ളി മാറ്റുകയും ചെയ്‌തു. പിന്നീട് പ്രശ്‌നം തണുപ്പിക്കാന്‍ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ ശ്രമിച്ചിരുന്നെങ്കിലും അതിന് വഴങ്ങാന്‍ നവീന്‍ തയ്യാറായില്ല.
ഇതിന് പിന്നാലെ കളത്തിന് പുറത്തേക്കും വിരാട് കോലിയോടുള്ള വിരോധം നവീന്‍ കൊണ്ടുപോയി. മുംബൈ ഇന്ത്യന്‍സിനെതിരായി നടന്ന മത്സരത്തില്‍ വിരാട് കോലി പുറത്തായതിന് പിന്നാലെ താരത്തെ പരിഹസിക്കുന്ന തരത്തില്‍ 'മധുരമൂറുന്ന മാമ്പഴങ്ങള്‍...' എന്ന ക്യാപ്‌ഷനും നല്‍കി ഒരു ചിത്രമായിരുന്നു നവീന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. പിന്നാലെ ആര്‍സിബി പരാജയപ്പെട്ടപ്പോഴും നവീന്‍ പരിഹാസം തുടര്‍ന്നു.
Also Read :IPL 2023| കളിക്കിടെ തമ്മിലുടക്കി, മത്സരം അവസാനിച്ചിട്ടും കലിയടങ്ങാതെ കോലിയും നവീനും
ഈ സാഹചര്യത്തില്‍ ലഖ്‌നൗ കളിക്കാനെത്തിയ ഇടങ്ങളിലും നവീന്‍ പന്തെറിയാനെത്തിയപ്പോഴും ഗാലറികളില്‍ കോലി ആരവവുമായി ആരാധകരുമെത്തി. ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലഖ്‌നൗ ഇറങ്ങിയപ്പോഴും ഇതാവര്‍ത്തിച്ചു. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ചിത്രമാണ്.
എലിമിനേറ്ററില്‍ ലഖ്‌നൗവിനെ തകര്‍ത്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന്‍റെ മലയാളി താരങ്ങളായ സന്ദീപ് വാര്യരും വിഷ്‌ണു വിനോദും നവീന്‍ ഉല്‍ ഹഖിനെ ട്രോളിക്കൊണ്ട് രംഗത്തെത്തി. മൂന്ന് മാമ്പഴങ്ങള്‍ മേശപ്പുറത്ത് വച്ച് 'സ്വീറ്റ് സീസണ്‍ ഓഫ് മാംഗോസ്...' എന്ന ക്യാപ്‌ഷനോടെ ഒരു ചിത്രമാണ് സന്ദീപ് വാര്യര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ചിത്രത്തില്‍ കുമാര്‍ കാര്‍ത്തികേയയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പോസ്റ്റ് അതിവേഗം വൈറലായതിന് പിന്നാലെ സന്ദീപ് തന്‍റെ പേജില്‍ നിന്നും ഇത് നീക്കം ചെയ്‌തിട്ടുണ്ട്. എങ്കിലും ഇപ്പോഴും വ്യാപകമായി തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. അതേസമയം, മുംബൈക്കെതിരായ മത്സരത്തില്‍ നവീന്‍ നാല് വിക്കറ്റ് നേട്ടത്തോടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു.
നാലോവര്‍ പന്തെറിഞ്ഞ താരം 38 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയത്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരുടെ വിക്കറ്റാണ് ചെപ്പോക്കില്‍ നവീന്‍ പിഴുതത്.
Also Read :IPL 2023| കുംബ്ലെയും ബുംറയും മാറിനില്‍ക്കും; മധ്വാൾ എറിഞ്ഞിട്ടത് അഞ്ച് വിക്കറ്റും ഒരു പിടി റെക്കോഡും