മുംബൈ :നായകന്‍ രോഹിത് ശര്‍മയുടെ ജന്മദിനത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം സമ്മാനിക്കുക സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ആയിരിക്കുമെന്നാണ് മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചത്. എന്നാല്‍ മുംബൈ ആരാധകരുടെ ഈ പ്രതീക്ഷകള്‍ തകര്‍ത്തത് രാജസ്ഥാന്‍ റോയല്‍സിന്‍റെ സന്ദീപ് ശര്‍മയാണ്. രാജസ്ഥാന്‍ ബോളര്‍മാരെയെല്ലാം കാഴ്‌ചക്കാരാക്കുന്ന പ്രകടനമായിരുന്നു സൂര്യകുമാര്‍ യാദവ് വാങ്കഡേയില്‍ നടത്തിക്കൊണ്ടിരുന്നത്.
റോയല്‍സിന്‍റെ മിക്ക ബോളര്‍മാരും സൂര്യയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു. 24 പന്തില്‍ സൂര്യ അര്‍ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. അശ്വിന്‍, ചാഹല്‍ എന്നിവരുടെ ഓവറില്‍ റണ്‍സ് അടിക്കാന്‍ കഴിയാത്തതിന്‍റെ ക്ഷീണം കുല്‍ദീപ് സെന്നിനെതിരെയും താരം തീര്‍ത്തു.
ഈ സാഹചര്യത്തില്‍ സൂര്യ അവസാനം വരെ നിന്ന് മുംബൈയെ ജയത്തിലേക്ക് എത്തിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അര്‍ധസെഞ്ച്വറിയടിച്ച് തകര്‍പ്പന്‍ ഫോമില്‍ നിന്ന സൂര്യക്ക് 16-ാം ഓവറില്‍ തിരികെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. ബോള്‍ട്ട് എറിഞ്ഞ ഓവറില്‍ അത്യുഗ്രന്‍ ക്യാച്ചെടുത്ത് സന്ദീപ് ശര്‍മയാണ് സൂര്യയെ മടക്കിയത്.
ബോള്‍ട്ട് പന്തെറിയാനെത്തുന്നതിന് മുന്‍പുള്ള ഓവറില്‍ കുല്‍ദീപ് സെന്നിനെതിരെ 18 റണ്‍സ് സൂര്യകുമാര്‍ നേടിയിരുന്നു. ഇതേ താളത്തില്‍ ട്രെന്‍റ് ബോള്‍ട്ടിനെതിരെയും ബാറ്റ് ചെയ്യാനായിരുന്നു താരത്തിന്‍റെ ശ്രമം. എന്നാല്‍ 16-ാം ഓവറിലെ നാലാം പന്തില്‍ ബോള്‍ട്ട് സൂര്യയെ കുടുക്കി.
ബോള്‍ട്ടിനെതിരെ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ തന്‍റെ ഫേമസായ റാംപ് ഷോട്ട് കളിക്കാനായിരുന്നു 32 കാരനായ സൂര്യയുടെ ശ്രമം. എന്നാല്‍ മിന്നല്‍ വേഗത്തില്‍ പന്തെറിഞ്ഞിരുന്ന ബോള്‍ട്ട് നാലാം ബോളിന്‍റെ വേഗത അല്‍പമൊന്ന് കുറച്ചു. ഇതോടെ രാജസ്ഥാന്‍ പേസറുടെ സ്ലോ ബോള്‍ കൃത്യമായി കളിക്കാന്‍ സൂര്യയ്ക്കായില്ല.
മുംബൈ താരത്തിന്‍റെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന പന്ത് 30 യാര്‍ഡ് സര്‍ക്കിളിന് പുറത്തേക്ക് പോയി. ഇത് തങ്ങള്‍ക്ക് മത്സരത്തിലേക്ക് തിരികെ വരാനുള്ള കൃത്യമായ അവസരമാണെന്ന് മനസിലാക്കിയ സന്ദീപ് ശര്‍മ സൂര്യയുടെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന പന്തിനെ പിന്തുടര്‍ന്നു. അവസാന നിമിഷം വരെ പന്തില്‍ നിന്ന് ശ്രദ്ധമാറ്റാതിരുന്ന സന്ദീപ് ഒടുവില്‍ അത്യുഗ്രന്‍ ഡൈവിങ്ങിലൂടെ ആ പന്ത് തന്‍റെ കൈപ്പിടിയിലൊതുക്കി.
More Read :IPL 2023 | 'സൂര്യ തുടങ്ങി, ഡേവിഡ് തീര്‍ത്തു'; വാങ്കഡേയില്‍ രാജസ്ഥാന്‍ റണ്‍മല കയറി മുംബൈ ഇന്ത്യന്‍സ്
ഐപിഎല്‍ പതിനാറാം സീസണില്‍ തന്നെ ഏറ്റവും മികച്ച ക്യാച്ചായി മാറാന്‍ സാധ്യതയുള്ള ഫീല്‍ഡിങ് പ്രകടനമാണ് സന്ദീപ് നടത്തിയതെന്ന് കമന്‍റേറ്റര്‍മാരും അഭിപ്രായപ്പെട്ടു. പിന്നീട് കാണിച്ച റീപ്ലേകളില്‍, ആദ്യം നിന്നിരുന്നിടത്ത് നിന്ന് 19 മീറ്ററോളം പിന്നിലേക്ക് ഓടിയാണ് സന്ദീപ് ശര്‍മ ക്യാച്ച് പൂര്‍ത്തിയാക്കിയതെന്ന് വ്യക്തമായിരുന്നു. സൂര്യകുമാര്‍ യാദവ് പുറത്തായതിന് പിന്നാലെ കൈവിടുമെന്ന് തോന്നിപ്പിച്ച മത്സരം ഡേവിഡ് കത്തിക്കയറിയതോടെ മുംബൈ ഇന്ത്യന്‍സ് തിരികെ പിടിക്കുകയായിരുന്നു. 14 പന്തില്‍ 45 റണ്‍സ് അടിച്ചുകൂട്ടിയ ഡേവിഡ് അവസാന ഓവറിലാണ് ആതിഥേയരെ ജയത്തിലെത്തിച്ചത്.