കേരളം

kerala

ETV Bharat / sports

IPL 2023| 'ബാംഗ്ലൂര്‍ ടീമില്‍ സ്ഥാനത്തിനായല്ല കോലി കളിക്കുന്നത്'; ഡൗളിന്‍റെ വിമര്‍ശനത്തിന്‍റെ മുനയൊടിച്ച് സല്‍മാന്‍ ബട്ട്‌

വിരാട് കോലിക്കെതിരായ സൈമണ്‍ ഡൗളിന്‍റെ വിമര്‍ശനം ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്.

Salman Butt against Simon Doull  Salman Butt  Simon Doull  Virat Kohli  IPL 2023  ഐപിഎല്‍  വിരാട് കോലി  സല്‍മാന്‍ ബട്ട്  സൈമണ്‍ ഡൗള്‍  സൈമണ്‍ ഡൗളിനെതിരെ സല്‍മാന്‍ ബട്ട്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
'ബാംഗ്ലൂര്‍ ടീമില്‍ സ്ഥാനത്തിനായല്ല കോലി കളിക്കുന്നത്'

By

Published : Apr 12, 2023, 3:47 PM IST

കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരായ മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ വിമര്‍ശിച്ച ന്യൂസിലന്‍ഡ് മുന്‍ താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൗളിനെ കടന്നാക്രമിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. മത്സരത്തില്‍ ബാറ്റ് ചെയ്യുന്നിതിനിടെ വ്യക്തിഗത നേട്ടത്തിലേക്കെത്തുന്നതിനെ കുറിച്ച് കോലിക്ക് ആശങ്കയുണ്ടെന്നായിരുന്നു കമന്‍റേറ്ററായിരുന്ന സൈമണ്‍ ഡൗള്‍ പറഞ്ഞിരുന്നത്.

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂരിനായി തുടക്കം തൊട്ട് ആക്രമിച്ചായിരുന്നു കോലി കളിച്ചിരുന്നത്. നായകന്‍ ഫാഫ് ഡുപ്ലെസിസിനെ ഒരറ്റത്ത് കാഴ്‌ചക്കാരനാക്കിയ താരം പവര്‍ പ്ലേയില്‍ 25 പന്തുകളില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളുമായി 42 റണ്‍സാണ് നേടിയിരുന്നത്. ക്രുണാല്‍ പാണ്ഡ്യയ്‌ക്കും ആവേശ് ഖാനും അതിവേഗക്കാരന്‍ മാര്‍ക്ക് വുഡിനും എതിരെയായിരുന്നു കോലി സിക്‌സര്‍ പറത്തിയത്. പവര്‍പ്ലേയില്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

തുടര്‍ന്ന് 35 പന്തില്‍ നിന്നായിരുന്നു കോലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെയായിരുന്നു ഡൗളിന്‍റെ വിമര്‍ശനമുണ്ടായത്. "ഒരു ട്രെയിന്‍റെ വേഗത്തിലാണ് വിരാട് കോലി ഇന്നിങ്‌സ് തുടങ്ങിയത്. ധാരാളം മികച്ച ഷോട്ടുകളും കളിച്ചിരുന്നു. എന്നാല്‍ ആദ്യം നേരിട്ട 25 പന്തുകളില്‍ നിന്നും 42 റണ്‍സ് നേടിയ കോലിക്ക് അടുത്ത ഏട്ട് റണ്‍സ് നേടുന്നതിനായി 10 പന്തുകള്‍ വേണ്ടിവന്നു.

എനിക്ക് തോന്നുന്നത് ഒരു നാഴികകല്ലിലേക്ക് എത്തുന്നതിനെ കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടെന്നാണ്. അത്തരം ചിന്തകള്‍ ഈ മത്സരത്തില്‍ ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യേകിച്ച്, പത്തുവിക്കറ്റുകള്‍ കയ്യിലിരിക്കെ കൂടുതല്‍ ആക്രമിച്ച് കളിക്കുകയാണ് വേണ്ടത്", സൈമണ്‍ ഡൗള്‍ പറഞ്ഞു.

എന്നാല്‍ ഡൗളിന്‍റെ വാക്കുകള്‍ ശ്രദ്ധകിട്ടാന്‍ വേണ്ടിയാണെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. പാകിസ്ഥാനിലായിരുന്നപ്പോള്‍ ബാബര്‍ അസമിനെക്കുറിച്ചും ഡൗള്‍ സമാന വിമര്‍ശനം നടത്തിയിട്ടുണ്ടെന്നും സല്‍മാന്‍ ബട്ട് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. "മത്സരം ബോധപൂർവം കണ്ടിരുന്നുവെങ്കില്‍, കോലിക്കെതിരെ ഇത്തരം ഒരു വിമര്‍ശനത്തിന് സാധ്യതയുണ്ടാവില്ല.

കാരണം കോലി ബിഷ്‌ണോയിയെ മൂന്ന് നാല് തവണ ആക്രമിക്കാന്‍ ശ്രമം നടത്തി മിസായത് അദ്ദേഹം ശ്രദ്ധിച്ചേനെ. ഇതൊക്കെ കളിയുടെ ഭാഗമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 75 സെഞ്ച്വറികളുള്ള താരമാണ് കോലി", സല്‍മാന്‍ ബട്ട് പറഞ്ഞു.

"വിരാട് കോലി കൈവരിച്ച നേട്ടങ്ങള്‍ ഏറെയാണ്. അദ്ദേഹത്തിന് ആരോടും ഒന്നും തെളിയിക്കേണ്ടതില്ല. ബാംഗ്ലൂര്‍ ടീമില്‍ ഇടം നേടാനല്ല അവന്‍ പോരാടുന്നത്. അര്‍ധ സെഞ്ചുറി നേടണോ, അല്ലെങ്കില്‍ ഒരു അന്‍പത് റണ്‍സ് കൂടെ നേടി ലോകത്തിന് മുന്നില്‍ താന്‍ മികച്ച കളിക്കാരനാണെന്ന് കാണിക്കേണ്ട ആവശ്യം അദ്ദേഹത്തിനുണ്ടോ?.

അര്‍ഥമില്ലാത്ത വാക്കുകളാണ് കോലിക്ക് നേരെ ഉയര്‍ന്നത്. ഇത്തരത്തിലുള്ള സംസാരത്തിലൂടെ അദ്ദേഹം എന്തു നേടാനാണ്. ചിലപ്പോള്‍ ആളുകളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാവും. എന്നാല്‍ തീര്‍ത്തും തെറ്റായ സന്ദേശമാണ് ഇത് കാണികള്‍ക്കും ആരാധകര്‍ക്കും നല്‍കുന്നത്", സല്‍മാന്‍ ബട്ട് പറഞ്ഞു.

ALSO READ:IPL 2023 | ലഖ്‌നൗവിനെതിരായ വെടിക്കെട്ട്; ഫിഞ്ചിനെ പൊളിച്ച് ടി20 എലൈറ്റ് ലിസ്റ്റില്‍ കുതിച്ച് കോലി

ABOUT THE AUTHOR

...view details