ദുബായ് : ഐപിഎൽ 14-ാം സീസണിലെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സിന്‍റെ സൂപ്പർ താരം ഋതുരാജ് ഗെയ്‌ക്‌വാദ്. കൊൽക്കത്തക്കെതിരായ മത്സരത്തിൽ 24 റണ്‍സ് നേടിക്കഴിഞ്ഞപ്പോഴാണ് താരം കെഎൽ രാഹുലിനെ പിന്തള്ളി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 16 മത്സരങ്ങളിൽ നിന്ന് 635 റണ്‍സാണ് ഗെയ്‌ക്‌വാദ് അടിച്ചുകൂട്ടിയത്.
ഓറഞ്ച് ക്യാപ്പ് നേട്ടത്തിനൊപ്പം മറ്റൊരു ചരിത്ര നേട്ടം കൂടി ഋതുരാജ് തന്‍റെ പേരിൽ കുറിച്ചു. ഓറഞ്ച് ക്യാപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് 24 കാരനായ താരം തന്‍റെ പേരിൽ കുറിച്ചത്. 2008ൽ പഞ്ചാബിനായി തന്‍റെ 25-ാം വയസിൽ മിച്ചൽ മാർഷ് കുറിച്ച നേട്ടമാണ് ഋതുരാജ് പഴങ്കഥയാക്കിയത്.
45.35 ശരാശരിയിലാണ് ഗെയ്‌ക്‌വാദ് റണ്‍സ് അടിച്ചുകൂട്ടിയത്. 136.26 ആണ് സ്ട്രൈക്ക് റേറ്റ്. ഇതിൽ ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. രാജസ്ഥാൻ റോയൽസിനെതിരെയായിരുന്നു താരത്തിന്‍റെ സെഞ്ചുറി നേട്ടം. 64 ബൗണ്ടറികളും 23 സിക്‌സുകളുമാണ് താരം സീസണിൽ അടിച്ചുകൂട്ടിയത്. സീസണിൽ ഏറ്റവുമധികം ബൗണ്ടറികൾ നേടിയ താരം എന്ന നേട്ടവും ഋതുരാജിന്‍റെ പേരിൽ തന്നെയാണ്.
ALSO READ :IPL 2021: തകർത്തടിച്ച് ഡു പ്ലസിസ്, കൊൽക്കത്തക്ക് 193 റണ്‍സിന്‍റെ വിജയലക്ഷ്യം
അതേ സമയം ഫൈനലിലെ തകർപ്പൻ പ്രകടനത്തിലൂടെ 633 റണ്‍സുമായി ഫഫ് ഡു പ്ലസിസ് ഗെയ്‌ക്‌വാദിന് തൊട്ടുപിന്നാലെയെത്തി. 13 മത്സരങ്ങളിൽ നിന്ന് 626 റണ്‍സെടുത്ത പഞ്ചാബ് കിങ്സിന്‍റെ നായകൻ കെഎൽ രാഹുലാണ് പട്ടികയിൽ മൂന്നാമത്.