കേരളം

kerala

ETV Bharat / sports

IPL 2023: 'ആദ്യം കരുത്ത് കാട്ടും, പിന്നെ എതിരാളിയുടെ ദൗര്‍ബല്യം മനസിലാക്കി പന്തെറിയും'; ഷമിക്ക് പ്രശംസയുമായി ആര്‍പി സിങ്

ഐപിഎല്‍ പതിനാറാം പതിപ്പിലെ ഒമ്പത് മത്സരങ്ങളില്‍ നിന്നും 17 വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് ഷമിയാണ് നിലവില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമന്‍.

IPL 2023  IPL  Mohammad Shami  RP Singh  Gujarat Titans  Rajasthan Royals  RRvGT  മുഹമ്മദ് ഷമി  ആര്‍ പി സിങ്  ഐപിഎല്‍  ഗുജറാത്ത് ടൈറ്റന്‍സ്  രാജസ്ഥാന്‍ റോയല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ്
IPL

By

Published : May 5, 2023, 11:41 AM IST

ജയ്‌പൂര്‍:രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുന്‍പ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പ്രശംസയുമായി മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിങ്. പന്തെറിയാനെത്തുന്ന ഷമി ആദ്യം തന്‍റെ കരുത്ത് തെളിയിക്കും. അതിന് ശേഷമാണ് ബാറ്റര്‍മാരുടെ ദൗര്‍ബല്യം മനസിലാക്കിയുള്ള പ്രകടനം നടത്തുന്നതെന്ന് ആര്‍ പി സിങ്‌ പറഞ്ഞു.

പരിചയസമ്പന്നനായ ഒരു ബോളര്‍ക്ക് പിച്ച് എങ്ങനെയായിരിക്കും പെരുമാറുക എന്നും മറുവശത്തുള്ള ബാറ്റര്‍ ഏത് തരത്തിലുള്ള താരമാണെന്നും അറിയാന്‍ കഴിയും. നിങ്ങള്‍ നടത്തുന്ന മുന്നൊരുക്കങ്ങളില്‍ നിന്നാണ് ഇതെല്ലാം മനസിലാക്കാന്‍ കഴിയുന്നത്. കൂടാതെ വലിയ അനുഭവ സമ്പത്തുള്ള ഒരു താരത്തിന് ബാറ്റര്‍ തന്‍റെ ബാറ്റ് ചലിപ്പിക്കുന്നതിന് അനുസരിച്ച് തന്‍റെ പദ്ധതികളില്‍ മാറ്റം കൊണ്ട് വരാനും സാധിക്കും.

ഇതിലേക്ക് വരുമ്പോഴാണ് ഷമി മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തനാകുന്നത്. ഓഫ്‌ സ്റ്റമ്പിന് പുറത്ത് പന്തെറിയുക എന്നത് മാത്രമാണ് ഷമിയുടെ ജോലി. എന്നാല്‍ തന്‍റെ ശക്തിയില്‍ ഉറച്ചുനില്‍ക്കാനാണ് പലപ്പോഴും അദ്ദേഹം ശ്രമിക്കുന്നത്. ആദ്യം തന്‍റെ കഴിവുകള്‍ അവതരിപ്പിക്കും എന്നിട്ടായിരിക്കും ബാറ്ററിന്‍റെ ദൗര്‍ബല്യം മനസിലാക്കി ഷമി പന്തെറിയുന്നത്', ആര്‍ പി സിങ് അഭിപ്രായപ്പെട്ടു.

Also Read :IPL 2023| 'ബൗളര്‍മാര്‍ക്ക് മേല്‍ നേടുന്ന ആധിപത്യം, അതാണ് അവന്‍റെ ശക്തി'; സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനത്തില്‍ റോബിന്‍ ഉത്തപ്പ

ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കുതിപ്പിന് പിന്നിലുള്ള ഒരു കാരണം മുഹമ്മദ് ഷമിയാണ്. ടീമിനായി ഇക്കുറി പന്ത് കൊണ്ട് മികച്ച പ്രകടനമാണ് താരം ഇതുവരെ നടത്തിയിട്ടുള്ളത്. ഒമ്പത് മത്സരങ്ങള്‍ ഗുജറാത്തിനായി കളത്തിലിറങ്ങിയ ഷമി ഇതുവരെ 17 വിക്കറ്റുകള്‍ എറിഞ്ഞ് വീഴ്‌ത്തിയിട്ടുണ്ട്.

വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഷമിയാണ് നിലവില്‍ ഒന്നാമന്‍. സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിഞ്ഞതും ഷമിയാണ്. കൂടുതല്‍ മെയ്‌ഡനുകള്‍ എറിഞ്ഞ താരങ്ങളുടെ പട്ടികയിലും രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ താരം.

മിന്നും ഫോമില്‍ പന്തെറിയുന്ന ഷമി ഡല്‍ഹിക്കെതിരായ അവസാന മത്സരത്തില്‍ നാല് വിക്കറ്റ് പ്രകടനവും നടത്തിയിരുന്നു. പന്ത് കൊണ്ട് മുഹമ്മദ് ഷമി തിളങ്ങിയിരുന്നെങ്കിലും ഈ പോരാട്ടത്തില്‍ ജയം പിടിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് ആയിരുന്നില്ല. അഹമ്മദാബാദില്‍ നടന്ന ത്രില്ലര്‍ പോരില്‍ അഞ്ച് റണ്‍സിനായിരുന്നു ഗുജറാത്ത് തോല്‍വി വഴങ്ങിയത്.

ആ തോല്‍വിക്ക് ശേഷം ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവായ്‌മാന്‍സിങ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രിയാണ് ഈ പോരാട്ടം. ജയ്‌പൂരിലെ ബോളര്‍മാരെ തുണയ്‌ക്കുന്ന പിച്ചില്‍ ആതിഥേയരായ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുഹമ്മദ് ഷമി നേതൃത്വം നല്‍കുന്ന ഗുജറാത്ത് പേസ് നിര കത്തിക്കയറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read :IPL 2023| ജയിച്ച് ഒന്നാമതെത്താന്‍ രാജസ്ഥാന്‍, തലപ്പത്ത് സ്ഥാനം നിലനിര്‍ത്താന്‍ ഗുജറാത്ത്; ജയ്‌പൂരില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം

ABOUT THE AUTHOR

...view details