ബെംഗളൂരു: ഐപിഎല്ലിന്‍റെ 16ാം സീസണില്‍ മിന്നും തുടക്കം കറിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അല്‍പം സങ്കടകരമായ വാര്‍ത്തയാണ് ഫ്രാഞ്ചൈസിയെ തേടിയെത്തിയിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ടീമിന്‍റെ സ്റ്റാര്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ രജത് പടിദാര്‍ ഐപിഎല്‍ സീസണില്‍ നിന്നും പുറത്തായിരിക്കുകയാണ്.
കാലിന്‍റെ ഉപ്പൂറ്റിക്ക് പരിക്കേറ്റതാണ് 29കാരനായ പടിദാറിന് തിരിച്ചടിയായത്. താരത്തിന് എത്രയും വേഗം സുഖം പ്രപിക്കട്ടെയെന്ന് ആശംസിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. രജതിന് പകരക്കാരനായി മറ്റൊരു താരത്തെ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് പരിശീലകരും മാനേജ്‌മെന്‍റും തീരുമാനിച്ചിരിക്കുന്നതെന്നും ഈ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
"നിർഭാഗ്യവശാൽ, കാലിന്‍റെ ഉപ്പൂറ്റിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്ലിന്‍റെ 2023 സീസണില്‍ രജത് പടിദാറിന് കളിക്കാന്‍ കഴിയില്ല. രജതിന് എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു,
താരത്തിനെ പിന്തുണയ്ക്കുന്നത് തുടരും. രജതിന് പകരക്കാരനായി മറ്റൊരു താരത്തിന്‍റെ പേരു നല്‍കേണ്ടതില്ലെന്നാണ് പരിശീലകരും മാനേജ്മെന്‍റും ഇതുവരെ തീരുമാനിച്ചിരിക്കുന്നത്" റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വീറ്റ് ചെയ്‌തു.
കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായ പ്രകടനമായിരുന്നു പടിദാര്‍ നടത്തിയത്. എട്ട് മത്സരങ്ങളില്‍ നിന്നും 55.50 ശരാശരിയില്‍ 333 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. രണ്ട് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടെയായിരുന്ന താരത്തിന്‍റെ പ്രകടനം.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ ആദ്യ എലിമിനേറ്ററില്‍ ബംഗ്ലൂരിനെ ജയിപ്പിച്ചത് പടിദാറിന്‍റെ സെഞ്ചുറി മികവായിരുന്നു. അന്ന് വെറും 49 പന്തിലായിരുന്നു താരം മൂന്നക്കം കടന്നത്. ഒരു അണ്‍ക്യാപ്‌ഡ് താരത്തിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറി പ്രകടനമാണിത്.