മുംബൈ: കഴിഞ്ഞ സീസണിൽ തന്നെ തഴഞ്ഞ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായുള്ള പ്രതികാരം തന്നെയായിരുന്നു ഇന്നലെ ഡേവിഡ് വാർണറിന്‍റെ ബാറ്റിൽ നിന്ന് പിറന്നത്. മത്സരത്തിൽ സെഞ്ച്വറി നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും 58 പന്തിൽ 92 റണ്‍സുമായി വാർണർ പുറത്താകാതെ നിന്നു. താരത്തിന്‍റെ തകർപ്പൻ ഇന്നിങ്സിനെ ക്രിക്കറ്റ് ലോകം പ്രശംസകൊണ്ട് മൂടുന്നതിനിടെ വ്യക്‌തിപരമായ നേട്ടത്തിനപ്പുറം ടീമിന്‍റെ വിജയത്തിനായി വാർണർ എടുത്ത നിസ്വാർഥമായ തീരുമാനത്തിനും കയ്യടി ലഭിക്കുകയാണ്.
ഡൽഹി ക്യാപ്പിറ്റൽസിന്‍റെ 19-ാം ഓവർ അവസാനിക്കുമ്പോൾ 92 റണ്‍സുമായി വാർണറും തകർപ്പൻ ഷോട്ടുകളുമായി റോവ്‌മൻ പവലുമായിരുന്നു ക്രീസിൽ. എട്ട് റണ്‍സ് കൂടി നേടിയാൽ വാർണറിന് സെഞ്ച്വറി തികയ്‌ക്കാം. 20-ാം ഓവറിന്‍റെ ആദ്യ പന്ത് സ്ട്രൈക്ക് പവലിനായിരുന്നു. ആദ്യ പന്ത് പവൽ സിംഗിൾ ഇട്ട് സ്ട്രൈക്ക് കിട്ടുന്ന വാർണർ സെഞ്ച്വറി തികയ്‌ക്കും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ അതെല്ലാം തെറ്റിച്ചുകൊണ്ട് പവൽ സ്‌ട്രൈക്ക് കൈമാറാതെ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞു.