ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ കാത്തിരുന്ന വിജയമായിരുന്നു രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയത്. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ആറ് വിക്കറ്റിന്‍റെ വിജയമായിരുന്നു മുംബൈ നേടിയത്. സീസണില്‍ ഇതിന് മുന്നെ കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ മുംബൈക്ക് ഡല്‍ഹിക്കെതിരായ വിജയം നല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല.
തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി നായകന്‍ രോഹിത് ശര്‍മയായിരുന്നു ഡല്‍ഹിക്കെതിരായ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 45 പന്തുകളില്‍ 65 റൺസായിരുന്നു മുംബൈ നായകന്‍ അടിച്ച് കൂട്ടിയത്. ആറ് ഫോറും നാല് സിക്‌സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
ഐപിഎല്ലില്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് രോഹിത് അര്‍ധ സെഞ്ചുറി നേടുന്നത്. കൃത്യമായി പറഞ്ഞാല്‍ 24 ഇന്നിങ്‌സിന്‍റെ ഇടവേള. മത്സരശേഷം അതീവ സന്തോഷവാനായിരുന്നു 36കാരനായ രോഹിത് ശര്‍മ. ഈ സന്തോഷം വീഡിയോ കോളിലൂടെ ഭാര്യ റിതിക സജ്ദെയുമായി പങ്കുവയ്‌ക്കുന്ന മുംബൈ നായകന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മുംബൈക്ക് ഐപിഎല്‍ ചാമ്പ്യന്മാരാവാന്‍ കഴിഞ്ഞാല്‍ ഏറെ സന്തോഷമെന്ന് റിതിക പറയുമ്പോള്‍, മകളായ സമൈറയ്ക്ക് വേണ്ടി ഐപിഎൽ കിരീടം നേടാൻ ശ്രമിക്കുമെന്ന് രോഹിത് മറുപടി പറയുന്നുണ്ട്. തുടര്‍ന്ന് എവിടെ നിന്നാണ് മത്സരം കണ്ടതെന്ന് രോഹിത് ചോദിച്ചപ്പോള്‍, തങ്ങളുടെ മുറിയിലിരുന്നാണെന്നും, ആര്‍പ്പുവിളിച്ചപ്പോള്‍ തന്‍റെ ശബ്‌ദം പൂര്‍ണ്ണമായി നഷ്‌ടപ്പെട്ടുവെന്ന് റിതിക മറുപടി നല്‍കി.
മത്സരം ഏറെ ആകാംഷ നിറഞ്ഞതായിരുന്നില്ലേ എന്ന റിതികയുടെ ചോദ്യത്തിന് രോഹിത് നല്‍കിയ മറുപടി ശ്രദ്ധേയമാണ്. കഴിഞ്ഞ 15 വർഷത്തെ ഐപിഎല്ലിൽ ഇത്തരത്തിലുള്ള ഏറെ മത്സരങ്ങളുടെ ഭാഗമായിരുന്നുവെങ്കിലും നെഞ്ചിടിപ്പ് വളരെയധികം കൂടിയതിനാല്‍ ഡല്‍ഹിക്കെതിരായ അവസാന ഓവർ കാണാൻ തനിക്ക് കഴിഞ്ഞില്ലെന്നുമാണ് മുംബൈ നായകന്‍ പറഞ്ഞത്. മുംബൈ ഇന്ത്യൻസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് രോഹിത്- റിതിക സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത്.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി 19.4 ഓവറില്‍ 172 റണ്‍സിന് ഔള്‍ഔട്ട് ആയിരുന്നു. മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്. അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്താണ് മുംബൈ ലക്ഷ്യം മറികടന്നത്.
രോഹിത്തിന് പുറമെ തിലക് വര്‍മ (29 പന്തില്‍ 41), ഇഷാന്‍ കിഷന്‍ (26 പന്തില്‍ 31) എന്നിവരും തിളങ്ങി. അതേസമയം മത്സരത്തിലെ അര്‍ധ സെഞ്ചുറി പ്രകടനത്തോടെ ഒരു ഐപിഎല്ലിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും രോഹിത്തിന് കഴിഞ്ഞിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് പോക്കറ്റിലാക്കിയത്.
നിലവില്‍ 33 മത്സരങ്ങളില്‍ നിന്നും 32.56 ശരാശരിയില്‍ 977 റണ്‍സാണ് ഡല്‍ഹിക്കെതിരെ രോഹിത് നേടിയത്. ഇതോടെ 26 മത്സരങ്ങളില്‍ നിന്നും 51.38 ശരാശരിയില്‍ 925 റണ്‍സ് നേടിയ വിരാട് കോലിയുടെ റെക്കോഡാണ് പഴങ്കഥയായത്.
ALSO READ:IPL 2023| 'ബാംഗ്ലൂര്‍ ടീമില്‍ സ്ഥാനത്തിനായല്ല കോലി കളിക്കുന്നത്'; ഡൗളിന്‍റെ വിമര്‍ശനത്തിന്‍റെ മുനയൊടിച്ച് സല്‍മാന്‍ ബട്ട്