മുംബൈ:അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി 'ഹിറ്റ്‌മാന്‍' രോഹിത് ശര്‍മ. ഇന്നലെ മൂന്ന് സിക്‌സറുകള്‍ പറത്തിയതോടെ ഐപിഎല്ലില്‍ 250 സിക്‌സുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ മാറിയത്. ഐപിഎല്ലിലെ സിക്‌സ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമനാണ് രോഹിത്.
ഇന്നലെ പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി ഓപ്പണറായി ക്രീസിലെത്തിയ നായകന്‍ രോഹിത് 27 പന്തില്‍ 44 റണ്‍സടിച്ചാണ് മടങ്ങിയത്. മൂന്ന് സിക്‌സിനൊപ്പം നാല് ഫോറും അടങ്ങിയതായിരുന്നു രോഹിതിന്‍റെ ഇന്നിങ്‌സ്. ഈ മത്സരത്തിനിറങ്ങും മുന്‍പ് ഐപിഎല്‍ കരിയറില്‍ 247 സിക്‌സറുകളായിരുന്നു മുംബൈ നായകന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്.
ഐപിഎല്‍ സിക്‌സര്‍ വേട്ടക്കാരുടെ പട്ടികയില്‍ ക്രിസ് ഗെയില്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ മാത്രമാണ് ഇനി രോഹിത്തിന് മുന്നിലുള്ളത്. ഐപിഎല്ലിലെ 142 മത്സരങ്ങളില്‍ നിന്നും 357 സിക്‌സര്‍ പറത്തിയിട്ടുള്ള വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലാണ് പട്ടികയിലെ ഒന്നാമന്‍. രണ്ടാമതുള്ള എ ബി ഡിവില്ലിയേഴ്‌സിന്‍റെ അക്കൗണ്ടില്‍ 184 മത്സരങ്ങളില്‍ നിന്നും നേടിയ 251 സിക്‌സറുകളാണ് ഉള്ളത്.
35 കാരനായ രോഹിത് ശര്‍മ ഈ സീസണില്‍ തന്നെ മുന്‍ ആര്‍സിബി താരം എ ബി ഡിവില്ലിയേഴ്‌സിനെ പിന്നിലാക്കി രണ്ടാമതെത്തുമെന്നുറപ്പാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി, ആര്‍സിബിയുടെ വിരാട് കോലി എന്നിവര്‍ ഈ പട്ടികയില്‍ നിലവില്‍ രോഹിത്തിന് പിന്നിലായി നാലും അഞ്ചും സ്ഥാനത്താണ്.