ലഖ്‌നൗ :ഐപിഎല്‍ പതിനാറാം പതിപ്പിലെ നിര്‍ണായക മത്സരത്തിന് തയ്യാറെടുക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റസ്. ഇന്ന് ഏകന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആണ് ആതിഥേയരായ ലഖ്‌നൗവിന്‍റെ എതിരാളികള്‍. പ്ലേഓഫില്‍ ഇടം പിടിക്കണമെങ്കില്‍ രണ്ട് ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്.
പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന മത്സരത്തില്‍ വീഴ്‌ത്തിയാണ് മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗവിലേക്ക് വണ്ടികയറിയത്. വാങ്കഡെയിലെ റണ്‍സൊഴുകുന്ന പിച്ചില്‍ കളിച്ച അവസാന രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടിയെത്തുന്ന ടീമിന് ഏകന സ്റ്റേഡിയത്തിലെ സ്‌പിന്‍ പിച്ചില്‍ ലഖ്‌നൗ ബൗളര്‍മാര്‍ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. ഇതെല്ലാം മറികടക്കുന്നതിന് വേണ്ടി കഠിന പരിശീലനത്തിലാണ് രോഹിത്തും സംഘവും.
ഇരു ടീമുകളും തമ്മിലുള്ള പരിശീലന സെഷനിടെ രണ്ട് താരങ്ങള്‍ തമ്മിലുള്ള സൗഹൃദം പുതുക്കലിന് ഏകന സ്റ്റേഡിയം വേദിയായിരുന്നു. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും ലഖ്‌നൗ ടീം ഉപദേഷ്‌ടാവ് ഗൗതം ഗംഭീറും തമ്മിലുള്ള കൂടിക്കാഴ്‌ചയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇതിന്‍റെ വീഡിയോ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
'രോഹിത്തിന് ലഖ്‌നൗവിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടെയാണ് ടീം വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. കൂടാതെ ഇരുവരും തമ്മിലുള്ള മറ്റൊരു ചിത്രവും ടീം പങ്കിട്ടിട്ടുണ്ട്. നേരത്തെ മുന്‍ ഇന്ത്യന്‍ നായകനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരവുമായ വിരാട് കോലിയുമായി ഗൗതം ഗംഭീര്‍ മൈതാനത്ത് വാക്ക്പോരിലേര്‍പ്പെട്ടിരുന്നു.