ഐപിഎല്ലിന്‍റെ ഓരോ മത്സരങ്ങളും ആരാധകര്‍ക്ക് സമ്മാനിക്കുന്ന ആവേശം തെല്ലും ചെറുതല്ല. അവസാന ഓവറുവരെയും അവസാന പന്ത് വരെയും നീളുന്ന ത്രില്ലര്‍ പോരാട്ടങ്ങള്‍ പലപ്പോഴും കളിയാസ്വാദകരുടെ നെഞ്ചിടിപ്പ് കൂട്ടാറുണ്ട്. മത്സരശേഷം, പലപ്പോഴും ഒരു നെടുവീര്‍പ്പോടെ മാത്രമേ ആ നിമിഷത്തെ കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കൂ.
പിന്നീട്, ചെറിയ അത്‌ഭുതത്തോടെ മാത്രമായിരിക്കും നമ്മള്‍ ആ മത്സരത്തെ കുറിച്ച് ചിന്തിക്കുന്നതും. അങ്ങനെയൊന്നായിരുന്നു ഐപിഎല്ലില്‍ 2023 ഏപ്രില്‍ 9ന് നടന്ന ഗുജറാത്ത് ടൈറ്റന്‍സ് x കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടവും. കാണികള്‍ ആവേശത്തിന്‍റെ കൊടുമുടി കയറിയ മത്സരം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അവസാന അഞ്ച് പന്തുകള്‍ സിക്‌സര്‍ പറത്തി റിങ്കു സിങ് എന്ന പോരാളി കൊല്‍ക്കത്തയ്‌ക്ക് ജയം സമ്മാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയരായ ഗുജറാത്ത് നാല് വിക്കറ്റ് നഷ്‌ടത്തിലാണ് കൊല്‍ക്കത്തയ്‌ക്കെതിരെ 204 റണ്‍സ് നേടിയത്. വിജയ് ശങ്കര്‍ ബാറ്റ് കൊണ്ട് മിന്നലാക്രമണം നടത്തിയ മത്സരത്തില്‍ സായ് സുദര്‍ശനും ടൈറ്റന്‍സിനായി അര്‍ധസെഞ്ച്വറി നേടി. 205 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തയ്‌ക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല അഹമ്മദാബാദില്‍ ലഭിച്ചത്.
നാലോവറില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍മാരെ നഷ്‌ടപ്പെട്ടു. വെങ്കിടേഷ് അയ്യരുടെ ഇന്നിങ്‌സാണ് ഒരു വശത്ത് സന്ദര്‍ശകരുടെ സ്‌കോര്‍ ഉയര്‍ത്തിയത്. എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ ഗുജറാത്ത് ബോളര്‍മാര്‍ കൊല്‍ക്കത്തയ്‌ക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിക്കൊണ്ടേയിരുന്നു.
സ്‌കോര്‍ 154ല്‍ നില്‍ക്കെയാണ് വെങ്കിടേഷ് അയ്യരെ കൊല്‍ക്കത്തയ്‌ക്ക് നഷ്‌ടമാകുന്നത്. ഈ സമയം, 16 ഓവറില്‍ നാലിന് 154 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. തൊട്ടടുത്ത ഓവറില്‍ റാഷിദ് ഖാന്‍റെ ഹാട്രിക്ക്.
ഇതോടെ അവര്‍ 155-7 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അവസാന നാലോവറില്‍ കൊല്‍ക്കത്തയ്ക്ക് ജയം സ്വന്തമാക്കാന്‍ വേണ്ടത് 50 റണ്‍സ്. ക്രീസിലുള്ളതാകട്ടെ അഞ്ചാമനായെത്തിയ റിങ്കു സിങും, ഒന്‍പതാമന്‍ ഉമേഷ് യാദവും.
ഗുജറാത്ത് മത്സരം ഏറെക്കുറെ സ്വന്തമാക്കിയെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നുവത്. 18-ാം ഓവറില്‍ മുഹമ്മദ് ഷമി അഞ്ച് റണ്‍സ് മാത്രം വിട്ടു നല്‍കി. പിന്നാലെ പന്തെറിയാനെത്തിയത് ജോഷുവ ലിറ്റില്‍.
ആ ഓവറിലെ ആദ്യ നാല് പന്തില്‍ നിന്നും റിങ്കുവിനും ഉമേഷിനും ആകെ നാല് റണ്‍സ് മാത്രം നേടാനാണ് സാധിച്ചത്. എന്നാല്‍ അഞ്ചാം പന്ത് സിക്‌സറും അവസാന പന്ത് ഫോറും നേടി റിങ്കു കൊല്‍ക്കത്തയ്‌ക്ക് പ്രതീക്ഷയ്‌ക്കുള്ള വക സമ്മാനിച്ചു.
അവസാന ഓവറില്‍ ജയം പിടിക്കാന്‍ കൊല്‍ക്കത്തയ്‌ക്ക് ആവശ്യമായിരുന്നത് 29 റണ്‍സ്. ഗുജറാത്തിനായി പന്തെറിയാനെത്തിയത് യാഷ് ദയാലും. യാഷ് ദയാലിന്‍റെ അവസാന ഓവറിലെ ആദ്യ പന്തില്‍ സിംഗിളെടുത്ത ഉമേഷ് യാദവ് സ്ട്രൈക്ക് റിങ്കു സിങ്ങിന് കൈമാറി. ജയത്തിലേക്കെത്താന്‍ അവസാന അഞ്ച് പന്തില്‍ കൊല്‍ക്കത്തയ്‌ക്ക് വേണ്ടത് 28 റണ്‍സ്.
പിന്നീട് അഹമ്മദാബാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അക്ഷരാര്‍ഥത്തില്‍ ഒരു മാജിക്കായിരുന്നു. ഇടം കയ്യന്‍ ബാറ്റര്‍ റിങ്കു ബാറ്റ് കൊണ്ട് തീര്‍ത്ത മായാജാലം. യാഷ് ദയാല്‍ എറിഞ്ഞ അഞ്ച് പന്തും നിലം തൊടാതെ അതിര്‍ത്തി കടത്തി റിങ്കു. റിങ്കുവിന്‍റെ തകര്‍പ്പന്‍ ഫിനിഷിങ്ങിന്‍റെ ആവേശത്തില്‍ ഒന്നടങ്കമാണ് കൊല്‍ക്കത്തന്‍ ടീം മൈതാനത്തേക്ക് ഇരച്ചെത്തിയത്.
അന്ന് കണ്ണീരോടെ മടങ്ങി, ഇന്ന് ചിരിച്ചുകൊണ്ടും:ഇന്ന് നിറചിരികളുമായി കളം വിട്ട റിങ്കു, മൈതാനത്ത് നിറ കണ്ണുകളുമായി നിന്ന ഒരു മത്സരമുണ്ടായിരുന്നു മുന്‍പ്. റിങ്കു സിങ്ങിന്‍റെ പോരാട്ടവീര്യം എന്തെന്ന് ഏവര്‍ക്കും മനസിലായതും ഒരുപക്ഷെ ഈ മത്സരത്തിലൂടെയായിരിക്കാം.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ നിര്‍ണായക മത്സരത്തിലായിരുന്നു റിങ്കുവിന് കണ്ണീരോടെ മടങ്ങേണ്ടി വന്നത്. മെയ് 18ന് ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരം ജയിച്ചാല്‍ കൊല്‍ക്കത്തയ്‌ക്ക് പ്ലേ ഓഫിലേക്ക് മുന്നേറാം എന്ന സ്ഥിതിയായിരുന്നു. അന്ന് സെഞ്ച്വറിയുമായി ക്വിന്‍റണ്‍ ഡി കോക്കും അര്‍ധ സെഞ്ച്വറിയുമായി കെഎല്‍ രാഹുലും തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത് 210 റണ്‍സ്.
വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് തകര്‍ച്ചയോടെ തുടങ്ങിയ കൊല്‍ക്കത്ത അന്ന് അതിവേഗം ലഖ്‌നൗവിന് മുന്നില്‍ കീഴടങ്ങുമെന്നായിരുന്നു തോന്നിപ്പിച്ചത്. ക്യാപ്‌റ്റന്‍ ശ്രേയസ് അയ്യര്‍ (50), നിതീഷ് റാണ (42), സാം ബില്ലിങ്‌സ് (36) എന്നിവരുടെ ചെറുത്ത് നില്‍പ്പ് കൊല്‍ക്കത്തയ്‌ക്ക് ചെറിയ പ്രതീക്ഷകള്‍ സമ്മാനിച്ചു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് സ്വന്തമാക്കി ലഖ്‌നൗ മത്സരം തങ്ങളുടെ വരുതിയിലാക്കി.
ഏഴാം വിക്കറ്റില്‍ റിങ്കുവും സുനില്‍ നരെയ്‌നും ഒരുമിച്ചതോടെ കളിയുടെ ഗതിയും മാറി. ഇരുവരും വമ്പന്‍ അടികളുമായി കളം നിറഞ്ഞപ്പോള്‍ കൈവിട്ട മത്സരം കൊല്‍ക്കത്ത തിരിച്ചുപിടിക്കുമെന്ന് തോന്നിപ്പിച്ചു. ആവേശം അവസാന ഘട്ടത്തിലേക്ക് നീണ്ടപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ് പന്തെറിഞ്ഞ ഇരുപതാം ഓവറില്‍ കൊല്‍ക്കത്തയ്‌ക്ക് 21 റണ്‍സ് അകലെയായിരുന്നു ജയം.
സ്റ്റോയിനിസിന്‍റെ ആദ്യ പന്തില്‍ ഫോറും അടുത്ത രണ്ട് പന്തുകള്‍ സിക്‌സറും പറത്തി റിങ്കു സിങ് മത്സരം കൊല്‍ക്കത്തയ്‌ക്ക് അനുകൂലമാക്കി. പിന്നീട് വേണ്ടിയിരുന്നത് 3 പന്തില്‍ 5 റണ്‍സ്. നാലാം പന്തില്‍ ഡബിള്‍ ഓടിയെടുത്തു റിങ്കു.
അഞ്ചാം പന്ത് വമ്പനടിക്ക് ശ്രമിച്ച റിങ്കുവിന് പക്ഷെ പിഴച്ചു. ബാക്ക്‌വേര്‍ഡ് പോയിന്‍റിലേക്ക് ഉയര്‍ന്ന പന്ത് കൈപ്പിടിയിലാക്കി എവിന്‍ ലൂയിസ്. 15 പന്തില്‍ 40 റണ്‍സ് അടിച്ചു കൂട്ടിയ റിങ്കു തിരികെ പവലിയനിലേക്ക്.
ഓവറിന്‍റെ അവസാന പന്തില്‍ ഉമേഷ് യാദവിനെ മടക്കി സ്റ്റോയിനിസ് ലഖ്‌നൗവിന് രണ്ട് റണ്‍സ് ജയവും പ്ലേ ഓഫ് ടിക്കറ്റും സമ്മാനിച്ചു. ഒരുവശത്ത് ലഖ്‌നൗ താരങ്ങള്‍ ജയത്തിന്‍റെ സന്തോഷത്തില്‍ ആഹ്ളാദ പ്രകടനങ്ങള്‍ നടത്തിയപ്പോള്‍, മറുവശത്ത് തന്‍റെ ടീം തോറ്റ നിരാശയില്‍ പൊട്ടിക്കരയുകയായിരുന്നു റിങ്കു. അന്ന് നിറകണ്ണുകളുമായി കളം വിട്ട റിങ്കുവാണ് ഇന്ന് തന്‍റെ സ്വന്തം ടീമിന് അതുപോലൊരു ആവേശജയം സമ്മാനിച്ചിരിക്കുന്നത്...
Also Read:അറിയുമോ... റിങ്കു സിങ്ങ് തൂപ്പുകാരനായിരുന്നു, ജീവിക്കാൻ വേണ്ടി... പക്ഷേ ക്രിക്കറ്റാണ് ജീവൻ