ചെന്നൈ:ബോളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ആദ്യം ബാറ്റ് ചെയ്‌ത് എട്ട് വിക്കറ്റ് നഷ്‌ട്ടത്തില്‍ ബാംഗ്ലൂർ നേടിയ 149 റണ്‍സിനെതിരായ ഹൈദരാബാദിന്‍റെ പോരാട്ടം നിശ്ചിത ഓവറില്‍ 143 ല്‍ അവസാനിച്ചു. തോല്‍വിയുടെ വക്കില്‍ നിന്ന ബാംഗ്ലൂരിനെ ബോളര്‍മാരുടെ നിര്‍ണായക പ്രകടനമാണ് രക്ഷിച്ചത്. ഇതേ ഗ്രൗണ്ടില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായും ബോളര്‍മാരുടെ മികവായിരുന്നു
അവസാന നാല് ഓവറില്‍ 35 റണ്‍സ് മാത്രമായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. എട്ട് വിക്കറ്റും കയ്യിലുണ്ടായിരുന്നു. എന്നാല്‍ ബംഗളൂരു ബോളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ഹൈദരാബാദിന് നേടാനായത് 28 റണ്‍സ് മാത്രമാണ്. ഏഴ് വിക്കറ്റും നഷ്‌ടമായി. രണ്ടാം മത്സരത്തിലും ജയിച്ച കോലിയും സംഘവും പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. മറുവശത്ത് ഹൈദരാബാദിന് സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് നേരിടേണ്ടി വന്നത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് കരുത്തായത് കോലിയുടെയും (29 പന്തില്‍ 33) മാക്‌സ്‌വെല്ലിന്‍റെയും (41 പന്തില്‍ 59) പ്രകടനമാണ്. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാൻ കഴിയാതെ പോയതോടെ ടീം സ്‌കോര്‍ 149 ല്‍ ഒതുങ്ങി. ഇരുവരെയും കൂടാതെ 11 റണ്‍സെടുത്ത ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും 14 റണ്‍സെടുത്ത ഷഹബാദ് അഹമ്മദും വാലറ്റത്ത് 12 റണ്‍സെടുത്ത കെയില്‍ ജാമിസണും മാത്രമെ ആര്‍സിബി നിരയില്‍ രണ്ടക്കം കടന്നുള്ളൂ.