ചെന്നൈ:ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ഓരോ മത്സരങ്ങളിലും ഗാലറികളില്‍ ഏത് സമയവും മുഴങ്ങി കേള്‍ക്കുന്ന പേര് അ വരുടെ നായകന്‍ എംഎസ് ധോണിയുടെതാണ്. ചെപ്പോക്കില്‍ മാത്രമല്ല, ചെന്നൈ കളിക്കാന്‍ എത്തുന്ന എല്ലാ മൈതാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥയും. സിഎസ്‌കെ ബാറ്റിങ്ങിനിടെ ഓരോ വിക്കറ്റ് വീഴുമ്പോഴും ധോണി ആരവങ്ങള്‍ ഗാലറികളില്‍ നിറയുന്നത് ഇന്ന് പതിവാണ്.
ഈ സീസണിലെ പലമത്സരങ്ങളിലും അത് വ്യക്തമായതാണ്. പലപ്പോഴും ചെന്നൈയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പുറത്താകല്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ധോണിയാണ് ബാറ്റ് ചെയ്യാന്‍ ക്രീസിലേക്ക് എത്തുന്നത് എന്നതാണ് അതിന് കാരാണം.
എന്നാല്‍ ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ അമ്പാട്ടി റായ്‌ഡു പുറത്തായതിന് പിന്നാലെയായിരുന്നു എംഎസ് ധോണി ക്രീസിലേക്കെത്തിയത്. ഈ സമയം മറുവശത്ത് ജഡേജയായിരുന്നു ചെന്നൈക്കായി കളത്തില്‍. 17-ാം ഓവറില്‍ ധോണി ക്രീസിലേക്കെത്തിയ ശേഷം ഇരുവരും ചേര്‍ന്നാണ് ചെന്നൈ സ്‌കോര്‍ ഉയര്‍ത്തിയത്.
16 പന്ത് നേരിട്ട ജഡേജ 21 റണ്‍സും ഒമ്പത് പന്ത് നേരിട്ട ധോണി 20 റണ്‍സും നേടിയിരുന്നു. മിച്ചല്‍ മാര്‍ഷ് എറിഞ്ഞ അവസാന ഓവറിലായിരുന്നു ഇരുവരുടെയും പുറത്താകല്‍. ഇതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്കിടയില്‍ എംഎസ് ധോണിയോടുള്ള ക്രേസിനെ കുറിച്ച് രവീന്ദ്ര ജഡേജ സംസാരിച്ചു.
'ഏഴാം നമ്പറില്‍ ഞാന്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ആരാധകര്‍ നിരാശരായിരുന്നു. മഹി ഭായിക്ക് വേണ്ടിയായിരുന്നു അവര്‍ ഈ സമയം ആരവം മുഴക്കിയത്. ഇനി ഒരുപക്ഷെ ഞാന്‍ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് ആണ് ഇറങ്ങുന്നതെന്ന് സങ്കല്‍പ്പിക്കുക. ഞാന്‍ പുറത്താകുന്നത് വരെ അവര്‍ കാത്തിരിക്കും' -ജഡേജ പറഞ്ഞു.