അഹമ്മദാബാദ് : ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയകിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഫൈനലില്‍ ആദ്യം പന്തുകൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും തിളങ്ങാന്‍ ജഡേജയ്‌ക്കായി. ജഡേജയുടെ കാമിയോ ഇന്നിങ്‌സാണ് ചെന്നൈക്ക് ഗുജറാത്തിനെതിരായ കലാശപ്പോരാട്ടത്തില്‍ ജയമൊരുക്കിയത്.
ചെന്നൈക്കായി മത്സരത്തിലെ അവസാന രണ്ട് പന്തും നേരിട്ടത് രവീന്ദ്ര ജഡേജയാണ്. അവസാന പന്തുകളില്‍ 10 റണ്‍സ് ആയിരുന്നു ചെന്നൈക്ക് ജയം പിടിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിലെ അഞ്ചാം പന്തില്‍ മോഹിത് ശര്‍മയെ സിക്‌സര്‍ പറത്തിയ ജഡ്ഡു അവസാന ബോള്‍ ബൗണ്ടറിയിലെത്തിച്ചാണ് ചെന്നൈക്ക് ജയമൊരുക്കിയത്.
ജയത്തിന് പിന്നാലെ സംസാരിച്ച രവീന്ദ്ര ജഡേജ ചെന്നൈയുടെ അഞ്ചാം ഐപിഎല്‍ കിരീടം നായകന്‍ എംഎസ് ധോണിക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞു. 'എന്‍റെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അഞ്ചാം ഐപിഎല്‍ കിരീടം നേടിയത് അത്ഭുതമായി തോന്നുന്നു. ഇവിടെ നിരവധി പേരാണ് സിഎസ്‌കെയ്‌ക്ക് പിന്തുണയുമായി എത്തിയത്. മഴമാറുന്നത് വരെ അവര്‍ മത്സരത്തിനായി കാത്തിരുന്നു. ചെന്നൈ ആരാധകരെയും അഭിനന്ദിക്കുന്നു. ഈ വലിയ ജയം നായകന്‍ എംഎസ് ധോണിക്ക് സമര്‍പ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്' - ജഡേജ അഭിപ്രായപ്പെട്ടു.
അഹമ്മദാബാദില്‍ ടോസ് ഭാഗ്യം ചെന്നൈക്കൊപ്പമാണ് നിന്നത്. മേഘാവൃതമായ അന്തരീക്ഷത്തില്‍ ടോസ് നേടിയപാടെ ചെന്നൈ നായകന്‍ ധോണി ആദ്യം ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍ ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും തകര്‍ത്തടിച്ചതോടെ പവര്‍പ്ലേയ്‌ക്കുള്ളില്‍ തന്നെ ഗുജറാത്ത് സ്‌കോര്‍ 50 കടന്നു.