മുംബൈ: ഐപിഎല്‍ പതിനാറാം പതിപ്പില്‍ മിന്നും പ്രകടനം പുറത്തെടുക്കുന്ന മൂന്ന് ഇടംകയ്യന്‍ ബാറ്റര്‍മാര്‍ക്ക് ഈ വര്‍ഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പില്‍ അവസരം ലഭിച്ചേക്കാമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്‌ത്രി. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, മുംബൈ ഇന്ത്യന്‍സ് മധ്യനിര താരം തിലക് വര്‍മ്മ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫിനിഷര്‍ റിങ്കു സിങ് എന്നിവരാണ് ഇന്ത്യന്‍ ടീമിലേക്ക് എത്തുമെന്ന് രവിശാസ്ത്രി പ്രവചിച്ചിരിക്കുന്നത്. മൂന്ന് പേര്‍ക്കും അധികം വൈകാതെ തന്നെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചേക്കുമെന്നും ശാസ്‌ത്രി അഭിപ്രായപ്പെട്ടു.
ഐസിസിയുടെ പ്രത്യേക പരിപാടിയിലൂടെയായിരുന്നു രവിശാസ്‌ത്രിയുടെ പ്രതികരണം. ജയ്‌സ്വാളും റിങ്കു സിങ്ങും ഉടന്‍ തന്നെ ഇന്ത്യയുടെ ദേശീയ കുപ്പായം അണിയുമെന്ന് ശാസ്‌ത്രി അഭിപ്രായപ്പെട്ടു. ഈ ഐപിഎല്‍ സീസണില്‍ ഇരുവരും പുറത്തെടുത്ത പ്രകടനം ചൂണ്ടിക്കാട്ടിയാണ് ശാസ്‌ത്രിയുടെ പ്രതികരണം.
ഐപിഎല്‍ പതിനാറാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമനാണ് യശസ്വി ജയ്‌സ്വാള്‍. 13 കളികളില്‍ നിന്നും 575 റണ്‍സാണ് 21 കാരനായ താരം അടിച്ചെടുത്തത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്ന താരം ഈ സീസണില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയെന്ന റെക്കോഡ് തന്‍റെപേരിലാക്കിയിരുന്നു.
ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഫിനിഷറായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ റിങ്കു സിങ്ങിനായിട്ടുണ്ട്. 50.88 ശരാശരിയില്‍ 407 റണ്‍സാണ് 25കാരനായ താരം അടിച്ചെടുത്തത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ അവസാവന ഓവറിലെ അഞ്ച് സിക്‌സുള്‍പ്പടെ നിരവധി തകര്‍പ്പന്‍ ഇന്നിങ്‌സുകളും താരം ഇക്കുറി ബാറ്റ് കൊണ്ട് നടത്തിയിട്ടുണ്ട്.