ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്‍റെ ഉദ്‌ഘാനം കളറാക്കിയതില്‍ പ്രധാനിയായിരുന്ന ആളാണ് തെന്നിന്ത്യന്‍ താരസുന്ദരി രശ്‌മിക മന്ദാന. തന്‍റെ നൃത്തച്ചുവടുകളാല്‍ ഐപിഎല്ലിന്‍റെ അരങ്ങില്‍ അലയൊലികള്‍ തീര്‍ക്കാന്‍ രശ്‌മികയ്‌ക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ടൂര്‍ണമെന്‍റിലെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട താരത്തെയും പ്രിയപ്പെട്ട ടീമിനെയും വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
തന്‍റെ ഏറ്റവും പ്രിയപ്പെട്ട താരം വിരാട് കോലിയാണെന്നും ഇഷ്‌ട ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണെന്നാണ് രശ്‌മിക പറഞ്ഞിരിക്കുന്നത്. "എന്‍റെ പ്രിയപ്പെട്ട ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. ഞാന്‍ കർണാടകയിൽ നിന്നാണ്, ഞാൻ ബാംഗ്ലൂരിൽ നിന്നാണ്. 'ഈ സാല കപ്പ് നംഡെ' (ഈ വർഷത്തെ കപ്പ് നമ്മുടേതാണ്). എന്നാണ് ഞങ്ങള്‍ പറയാറുള്ളത്.
ഈ വർഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മത്സരം കാണാന്‍ പോകാന്‍ എനിക്ക് കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്". ഇതു സംബന്ധിച്ച ചോദ്യത്തോട് രശ്‌മിക മന്ദാന പ്രതികരിച്ചു. പ്രിയപ്പെട്ട താരം ആരെന്ന ചോദ്യത്തിനോട്, അതു വിരാട് കോലിയാണെന്നും മികച്ച താരമാണ് കോലിയെന്നുമാണ് നടി മറുപടി പറഞ്ഞത്.
ഐപിഎല്ലിന്‍റെ പ്രഥമ പതിപ്പ് തൊട്ട് റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഭാഗമാണ് വിരാട് കോലി. ഏറെ കാലം 35-കാരനായ താരം ടീമിനെ നയിക്കുകയും ചെയ്‌തു. എന്നാല്‍ ടൂര്‍ണമെന്‍റില്‍ കിരീടം ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഥാനമൊഴിഞ്ഞ കോലിക്ക് പകരം ഫാഫ് ഡുപ്ലെസിസാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായകനായെത്തിയത്.
ഡുപ്ലെസിസിന് പരിക്കേറ്റതോടെ കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ കോലിക്ക് കീഴിലായിരുന്നു ടീം ഇറങ്ങിയത്. ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാണ് വിരാട് കോലി. 231 മത്സരങ്ങളില്‍ നിന്നും 6957 റണ്‍സാണ് നിലവില്‍ വിരാട് കോലി അടിച്ചെടുത്തിട്ടുള്ളത്. 142.31 സ്‌ട്രൈക്ക് റേറ്റിലും 47.57 പ്രഹര ശേഷിയിലുമാണ് താരത്തിന്‍റെ പ്രകടനം. അഞ്ച് സെഞ്ചുറികളും 49 അര്‍ധ സെഞ്ചുറികളുമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.
അതേസമയം ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ നേരിടും. ലഖ്‌നൗവിന്‍റെ തട്ടകമായ ഏക്‌ന സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം നടക്കുക. മത്സരത്തിന് മഴ ഭീഷണിയുള്ളത് ആരാധകര്‍ക്ക് നിരാശ നല്‍കുന്നതാണ്. സീസണില്‍ തങ്ങളുടെ ഒമ്പതാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്‍റുള്ള ലഖ്‌നൗ പോയിന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. എട്ട് പോയിന്‍റുമായി ആറാമതാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. അവസാന ളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റിരുന്നു,
ഇതോടെ വിജയ വഴിലേക്ക് തിരികെയെത്താന്‍ ബാംഗ്ലൂരിന് ലഖ്‌നൗവിനെ തോല്‍പ്പിക്കേണ്ടതുണ്ട്. ഇതിനപ്പുറം സീസണില്‍ ഇതിന് മുന്നെ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ലഖ്‌നൗ ബാംഗ്ലൂരിനെ തോല്‍പ്പിച്ചിരുന്നു. ഇന്ന് ഈ കണക്ക് കൂടെ വീട്ടാനുറച്ചാവും കോലിയും സംഘവും ഇറങ്ങുക.
ALSO READ: WATCH| രോഹിത്തിനെ സഞ്‌ജു ചതിച്ചിട്ടില്ല; 'വിക്കറ്റിനു പിന്നിലെ' സത്യം ഇതാണ്