ന്യൂഡല്‍ഹി : അഫ്‌ഗാന്‍ താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും ഐപിഎല്ലിനുണ്ടാവുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സെപ്റ്റംബര്‍ 19ന് ഐപിഎല്‍ ആരംഭിക്കാനിരിക്കെ, അഫ്‌ഗാനിലെ കലുഷിതമായ രാഷ്‌ട്രീയ സാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ടീമിന്‍റെ പ്രസ്താവന.
എന്താണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് താരങ്ങളോട് സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ ഇരുവരും ടൂര്‍ണമെന്‍റിനുണ്ടാകുമെന്നും സണ്‍റൈസേഴ്‌സ് സിഇഒ കെ. ഷണ്‍മുഖന്‍ സ്ഥിരീകരിച്ചതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.
also read: കനേഡിയൻ ഓപ്പണ്‍: മെദ്‌വെദേവിനും കാമില ജിയോർജിക്കും കിരീടം
ദ് ഹണ്ട്രഡ് ലീഗില്‍ കളിക്കാനായി യുകെയിലാണ് റാഷിദ് ഖാന്‍ നിലവിലുള്ളത്. 14ാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ഓഗസ്റ്റ് 31നാണ് യുഎഇയിലേക്ക് പുറപ്പെടുക. ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണില്‍ ഇനി അവശേഷിക്കുന്നത്.
അതേസമയം ആറ് കളിക്കാര്‍ക്കും രണ്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ മെയ് നാലിനാണ് ബിസിസിഐ ടൂര്‍ണമെന്‍റ് നിര്‍ത്തിവച്ചത്. ഇതിന് മുന്‍പ് സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്.