കറാച്ചി: മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ തന്‍റെ വരവ് അറിയിച്ച താരമാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. 2019-ല്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയ 23കാരനായ ഗില്ലിന്‍റെ പേരില്‍ ഇതിനകം തന്നെ ഏഴ് അന്താരാഷ്‌ട്ര സെഞ്ചുറികളുണ്ട്. ടെസ്റ്റില്‍ രണ്ടും ഏകദിനത്തില്‍ നാലും ടി20യില്‍ ഒരു സെഞ്ചുറിയുമാണ് താരം നേടിയിട്ടുള്ളത്.
ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ ഗുജറാത്ത് ടെറ്റന്‍സിനായും തന്‍റെ മിന്നുന്ന പ്രകടനം തുടരുകയാണ് ഗില്‍. ഐപിഎല്ലില്‍ അടുത്തിടെ പഞ്ചാബ് കിങ്‌സിനെതിരെ ഗുജറാത്ത് വിജയം നേടുന്നതില്‍ ഓപ്പണറായ ശുഭ്‌മാന്‍ ഗില്ലിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു. 49 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്‌സും സഹിതം 67 റണ്‍സായിരുന്നു ഗില്‍ അടിച്ച് കൂട്ടിയത്.
ഈ പ്രകടനത്തിന് പിന്നാലെ ഗില്ലിനെ പുകഴ്‌ത്തി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ നായകന്‍ റമീസ് രാജ. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ പിന്‍ഗാമിയായാണ് ശുഭ്‌മാന്‍ ഗില്ലിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കൂടിയായ റമീസ് രാജ ഉയര്‍ത്തിക്കാട്ടുന്നത്.
"വളരെയധികം കഴിവുള്ള താരമാണ് ശുഭ്‌മാന്‍ ഗില്‍. തന്‍റെ കരിയറിന്‍റെ തുടക്കത്തിലാണ് അവന്‍. മുന്നില്‍ ഒരുപാട് സമയമുണ്ട്.
വളരെ സുന്ദരമായും ഒഴുക്കോടെയുമാണ് ഗില്‍ കളിക്കുന്നത്. അവന്‍ ഡ്രൈവ് ചെയ്യുമ്പോള്‍, ഷോട്ടില്‍ ഒരു കര്‍വ് കാണാം. സ്ട്രോക്കുകൾ കളിക്കാൻ അവന് ധാരാളം സമയമുണ്ട്. അവന്‍ ഓഫ് സൈഡിലോ, ഓണ്‍ സൈഡിലോ റണ്‍സ് നേടുന്നതെന്നോ, അല്ലെങ്കില്‍ പുള്‍ ഷോട്ട് കളിക്കുകയാണോ എന്നതൊന്നും വിഷയമല്ല.
കാരണം വളരെ മനോഹരവും നീറ്റ് ആന്‍ഡ് ക്ലീനുമാണത്. വിരാട് കോലിക്ക് ശേഷമുള്ള ഏറ്റവും മികച്ച ബാറ്റർ അവനാകുമെന്നാണ് പലരും പ്രവചിക്കുന്നത്" റമീസ് രാജ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് റമീസ് രാജയുടെ പ്രതികരണം.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്ലാസും ചാരുതയും ഗില്ലിനുണ്ടെന്നും യുവതാരത്തിന്‍റെ പരിധി ആകാശമാണെന്നും പാക് മുന്‍ നായകന്‍ കൂട്ടിച്ചേർത്തു. "ഗില്ലിന്‍റെ ക്ലാസും ടെച്ചും ചാരുതയും രോഹിത് ശർമയ്‌ക്ക് സമാനമാണ്. മികച്ച ആത്മവിശ്വാത്തോടെ കളിക്കാന്‍ കഴിയുന്ന താരമാണ് ഗില്‍.
ക്രിക്കറ്റിന്‍റെ ഏത് ഫോര്‍മാറ്റിലും, അതിനി ടെസ്റ്റോ ഏകദിനമോ, ടി20 ആവട്ടെ ബോളര്‍മാര്‍ക്കെതിരെ ആധിപത്യത്തോടെ കളിക്കാന്‍ അവന് കഴിയുന്നുണ്ട്. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാന്‍ ഗില്ലിന് കഴിഞ്ഞിട്ടുണ്ട്. ആകാശമാണ് അവന്‍റെ പരിധിയെന്നാണ് എനിക്ക് തോന്നുന്നത്", റമീസ് രാജ വ്യക്തമാക്കി.
അതേസമയം പഞ്ചാബ് കിങ്‌സിനെതിരെ ആറ് വിക്കറ്റിന്‍റെ വിജയമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 153 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. മറുപടിക്കിറങ്ങിയ ഗുജറാത്ത് 19.5 ഓവറില്‍ 154 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
നാളെ രാജസ്ഥാന്‍ റോയല്‍സിന് എതിരെയാണ് ഗുജറാത്ത് അടുത്ത മത്സരത്തിന് ഇറങ്ങുക. കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് വിജയം നേടിയ രാജസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാമതാണ് ഗുജറാത്ത്.
ALSO READ: IPL 2023 | 'എന്‍റെ ഹൃദയം എപ്പോഴും ഡൽഹിക്കൊപ്പം'; ബെംഗളൂരുവിലെ ക്യാപിറ്റല്‍സ് ക്യാമ്പില്‍ ആവേശം പകര്‍ന്ന് റിഷഭ് പന്ത്