ന്യൂഡൽഹി:ഇന്ത്യ ഉൾപ്പെടുന്ന ചതുർ രാഷ്ട്ര ടൂർണമെന്‍റിനുള്ള നിർദ്ദേശം ഐസിസി ബോർഡ് മീറ്റിങ്ങിൽ അവതരിപ്പിക്കാനൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. എല്ലാ വർഷവും ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ചതുർ രാഷ്‌ട്ര ടൂർണമെന്‍റ് സംഘടിപ്പിക്കണമെന്നാണ് പിസിബിയുടെ ആവശ്യം. എന്നാൽ ബിസിസിഐ ടൂർണമെന്‍റിന് സന്നദ്ധത പ്രകടിപ്പിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിലെ ചട്ടം അനുസരിച്ച് മൂന്നിൽ കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു ഇവന്‍റ് സംഘടിപ്പിക്കാൻ ഐസിസിക്ക് മാത്രമേ അനുവാദമുള്ളു. അതിനാൽ തന്നെ ഐസിസി വഴി ടൂർണമെന്‍റ് സംഘടിപ്പിക്കാം എന്ന വിശ്വാസത്തിലാണ് റമീസ് രാജ. ടൂർണമെന്‍റിലൂടെ 750 മില്യണ്‍ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും ലാഭ വിഹിതം ഐസിസിയിലെ മറ്റ് അംഗരാജ്യങ്ങൾക്ക് നൽകാമെന്നും പിസിബി നേരത്തെ അറിയിച്ചിരുന്നു.