കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മിന്നും ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 13.1 ഓവറില്‍ 1 വിക്കറ്റ് നഷ്‌ടത്തില്‍ നിര്‍ണായക ജയം പിടിച്ചെടുക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു മത്സരത്തില്‍ റോയല്‍സിന് അനായാസ ജയമൊരുക്കിയത്.
47 പന്ത് നേരിട്ട ജയ്‌സ്വാള്‍ 98 റണ്‍സാണ് മത്സരത്തില്‍ നേടിയത്. സഞ്‌ജു സാംസണ്‍ 29 പന്തില്‍ 48 റണ്‍സും അടിച്ചെടുത്തു. തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞ ഇരുവരും വിരാട് കോലി - എംഎസ് ധോണി സഖ്യത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലൊരു കാര്യവും കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലൂടെ ചെയ്‌തു.
2014 ടി20 ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയം പിടിക്കാന്‍ 7 പന്തില്‍ ഒരു റണ്‍സ് മാത്രം മതിയെന്നിരിക്കെ ബാറ്റ് ചെയ്‌ത എംഎസ് ധോണി റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചിരുന്നില്ല. ടീമിനെ ജയത്തിന് അരികിലെത്തിച്ച് അര്‍ധസെഞ്ച്വറിയുമായി പുറത്താകാതെ നിന്ന വിരാട് കോലിക്ക് വിജയ റണ്‍ കണ്ടെത്താനുള്ള അവസരമായിരുന്നു അന്ന് ഇന്ത്യന്‍ നായകനായിരുന്ന ധോണി ഒരുക്കി നല്‍കിയത്. ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ പന്ത് ബൗണ്ടറി പായിച്ച് വിരാട് കോലി തന്നെ പിന്നീട് ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു.
Also Read :IPL 2023| 'അഞ്ചില്‍ നിന്ന് മൂന്നിലേക്ക്'; പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി രാജസ്ഥാന്‍ റോയല്‍സ്
സമാനരീതിയിലുള്ള സംഭവങ്ങളായിരുന്നു ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സിലും അരങ്ങേറിയത്. 13-ാം ഓവറിലേക്ക് മത്സരം എത്തിയപ്പോള്‍ 10 റണ്‍സ് അകലെയായിരുന്നു രാജസ്ഥാന്‍ ജയം. സുയഷ് ശര്‍മ്മ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ ജയ്‌സ്വാള്‍ ഒരു ബൈ റണ്‍ ഓടിയെടുത്തു.