അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണിന് തിരശീലവീണു. കലാശപ്പോരിൽ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തോൽപിച്ച ഗുജറാത്ത് ടൈറ്റൻസ് തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി. കിരീടത്തിനരികെ കാലിടറി വീണ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരങ്ങളായ ജോസ് ബട്‌ലറും യൂസ്‌വേന്ദ്ര ചാഹലുമാണ് ടൂർണമെന്‍റിലെ പ്രധാന വ്യക്‌തിഗത പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്.
ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ജോസ് ബട്‌ലറും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരത്തിനുള്ള പർപിൾ ക്യാപ്പ് യൂസ്‌വേന്ദ്ര ചാഹലിന്‍റെ തലയിലുമാണ്. മറ്റു അവാര്‍ഡ് ജേതാക്കളെ നോക്കാം..
സീസണിലെ ക്യാച്ച് എവിന്‍ ലൂയിസിന്‍റേത്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് താരം എവിന്‍ ലൂയിസെടുത്ത ക്യാച്ച് ടൂര്‍ണമെന്‍റിലെ മികച്ച ക്യാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
അവാര്‍ഡുകള്‍ വാരിക്കൂട്ടി ബട്‌ലർ;ഓറഞ്ച് ക്യാപ്പടക്കം ആറ് അവാർഡുകൾ വാരിക്കൂട്ടി ഐപിഎല്ലിലെ റെക്കോഡ് നേട്ടമാണ് ജോസ് ബട്‌ലർ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന താരത്തിനുള്ള അവാര്‍ഡും ബട്‌ലര്‍ക്കാണ്. 83 ഫോറുകളാണ് താരം നേടിയത്. ഏറ്റവും കൂടുതല്‍ സിക്‌സും ബട്‌ലറുടെ പേരിൽ തന്നെയാണ്.
സീസണിലെ പവര്‍പ്ലയറും ബട്‌ലര്‍ തന്നെ. ഏറ്റവും കൂടുതല്‍ ഫാന്‍റസി പോയിന്‍റുകള്‍ നേടിയ രാജസ്ഥാന്‍ താരം ടൂര്‍ണമെന്‍റിലെ ഗെയിം ചെയ്ഞ്ചറായും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്നെയാണ് ടൂര്‍ണമെന്‍റിലെ മൂല്യമേറിയ താരവും.
ഫെയര്‍പ്ലേ അവാര്‍ഡ് ഗുജറാത്തും രാജസ്ഥാനും പങ്കിട്ടു; ഫെയര്‍പ്ലേ അവാര്‍ഡ് ഫൈനലിസ്‌റ്റുകളായ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റൻസും പങ്കിട്ടു. സീസണിലെ വേഗമേറിയ പന്ത് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ലോക്കി ഫെര്‍ഗൂസണാണ് എറിഞ്ഞത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഉമ്രാന്‍ മാലിക്ക് എമേര്‍ജിംഗ് പ്ലയറായി തെരഞ്ഞെടുക്കപ്പെട്ടു.
സൂപ്പര്‍ സ്‌ട്രൈക്കര്‍ പുരസ്‌കാരം കാര്‍ത്തികിന്; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് ടൂര്‍ണമെന്‍റിലെ സൂപ്പര്‍ സ്‌ട്രൈക്കര്‍ അവാർഡിനർഹനായത്. 183.33 ആണ് താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ്. ടാറ്റ പഞ്ച് കാര്‍ അദ്ദേഹത്തിന് ലഭിക്കും. കാര്‍ത്തികിന്‍റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.