മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 15–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ സമാനതകളില്ലാത്ത തകർച്ചയിലേക്കു തള്ളിവിട്ട് പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം. 54 റൺസിനാണ് പഞ്ചാബ് കിങ്സ് ചെന്നൈയെ തകർത്തത്.ഈ സീസണിൽ ജഡേജയ്‌ക്ക് കീഴിലിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍സ് നേടി. 32 പന്തില്‍ 60 റണ്‍സ് അടിച്ചുകൂട്ടിയ ലിയാം ലിവിംഗ്സ്റ്റണിന്‍റെ ബാറ്റിങ്ങിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്. ചെന്നൈക്കായി ക്രിസ് ജോര്‍ദാന്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ പഞ്ചാബ് ഉയർത്തിയ 181 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 18 ഓവറില്‍ 126 റൺസിന് എല്ലാവരും പുറത്തായി. 57 റണ്‍സെടുത്ത ശിവം ദുബെയും 23 റണ്‍സ് നേടിയ എം.എസ്.ധോണിയും മാത്രമാണ് ചെന്നൈയ്ക്ക് പൊരുതി നോക്കിയത്. ഇന്നിംങ്ങിസിന്‍റെ നാലാം പന്തില്‍ തന്നെ ഗെയ്‌ക്വാദ് പുറത്തായതോടെ ഞെട്ടിയ ചെന്നൈക്ക് തുടരെ പ്രഹരമേൽപ്പിച്ചാണ് പഞ്ചാബ് തുടങ്ങിയത്.
വൈഭവിന്‍റെ തൊട്ടടുത്ത ഓവറില്‍ മായങ്ക് അഗര്‍വാളിന് പിടികൊടുത്ത് ഉത്തപ്പയും മടങ്ങി. മൊയീന്‍ അലിയും വൈഭവിന് മുന്നില്‍ കീഴടങ്ങി. നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപറ്റന്‍ രവീന്ദ്ര ജഡേജയും മടങ്ങി. അര്‍ഷ്‌ദീപ് സിംഗിനായിരുന്നു വിക്കറ്റ്. കൂട്ടത്തകർച്ചയ്ക്കിടയിലും തകർത്തടിച്ചു മുന്നേറിയ ദുബെ 30 പന്തിൽ ആറു ഫോറും മൂന്നു സിക്‌സുമടക്കം 57 റൺസെടുത്തു.
ALSO READ:ടി20യില്‍ 350 മത്സരങ്ങള്‍ തികച്ച് ധോണി ; രോഹിത്തിന് പിന്നാലെ രണ്ടാമന്‍
എം.എസ് ധോണിക്കൊപ്പം 62 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ ദുബെ ലിവിംഗ്സ്റ്റണിന്‍റെ പന്തില്‍ പുറത്തായി. തൊട്ടടുത്ത പന്തില്‍ സംപൂജ്യനായി ബ്രാവോയും മടങ്ങി. സിക്‌സടിച്ച് തുടങ്ങിയ പ്രിട്ടോറ്യൂസ് രാഹുല്‍ ചാഹറിന് മുന്നിൽ വീണു. ചാഹറിന്‍റെ അടുത്ത ഓവറില്‍ ധോണിയും മടങ്ങി. അതേ ഓവറിന്‍റെ അവസാന പന്തില്‍ അഞ്ച് റൺസെടുത്ത ക്രിസ് ജോര്‍ദാനെയും പുറത്താക്കി പഞ്ചാബ് വിജയം ആഘോഷിച്ചു.
പഞ്ചാബിനായി രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റും ലിയാം ലിവിംഗ്സ്റ്റണ്‍, വൈഭവ് അറോറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. രണ്ട് വിക്കറ്റും 60 റണ്‍സും നേടി ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ മികവ് പുലർത്തിയ ലിവിംഗ്സ്റ്റൺ പഞ്ചാബിന്‍റെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു.