ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കൊടുങ്കാറ്റായി മാറുകയാണ് നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡ്. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോട്ട്‌മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ 21കാരന്‍ സീസണിന്‍റെ തുടക്കത്തില്‍ തന്നെ വരവറിയിച്ച് കഴിഞ്ഞു. സിറ്റിക്കായുള്ള ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ഹാട്രിക്കടക്കം ഒമ്പത് ഗോളുകളാണ് ഹാലന്‍ഡ് അടിച്ച് കൂട്ടിയത്.
ലീഗില്‍ ഇതേവരെ മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത മികച്ച തുടക്കമാണിത്. ക്ലബിന്‍റെ ഇതിഹാസ സ്‌ട്രൈക്കര്‍ സെർജിയോ അഗ്യൂറോയ്‌ക്ക് പകരക്കാരനെന്ന നിലയിലാണ് ഹാലൻഡിനെ സിറ്റി കൂടാരത്തിലെത്തിച്ചത്. കളിക്കളത്തിലെ തന്‍റെ മിന്നുന്ന പ്രകടനത്തോടെ ഈ തെരഞ്ഞെടുപ്പിനോട് നീതി പുലര്‍ത്താന്‍ ഹാലന്‍ഡിന് കഴിയുന്നുണ്ട്.
പ്രീമിയര്‍ ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന അഗ്യൂറോയുടെ റെക്കോഡും ഇതിനകം ഹാലന്‍ഡ് സ്വന്തമാക്കി കഴിഞ്ഞു. എട്ട് ഗോളുകള്‍ നേടി കവൻട്രിയുടെ മുൻ സ്‌ട്രൈക്കർ മിക്ക് ക്വിന്നിനൊപ്പമായിരുന്നു അഗ്യൂറോ റെക്കോഡ് പങ്കിട്ടിരുന്നത്.