ബെംഗളൂരു: അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ 2023-ല്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായി എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. മത്സരത്തിന്‍റെ പവര്‍പ്ലേയില്‍ തന്നെ മുംബൈക്ക് ആദ്യ മൂന്ന് വിക്കറ്റ് നഷ്‌ടമായി.
ഇഷാന്‍ കിഷന്‍ (10), രോഹിത് ശര്‍മ (1), കാമറൂണ്‍ ഗ്രീന്‍ (5) എന്നിവര്‍ അതിവേഗം പവലിയനിലെത്തി. നാലാമനായി ക്രീസിലെത്തിയത് ടീമിന്‍റെ വിശ്വസ്‌തനായ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ആയിരുന്നു. എന്നാല്‍, നിലയുറപ്പിച്ചശേഷം ആക്രമിച്ച് കളിക്കാനുള്ള സൂര്യകുമാറിന്‍റെ ശ്രമം പാളി.
16 പന്തില്‍ 15 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ മൈക്കിള്‍ ബ്രേസ്‌വെല്‍ ഷഹബാസ് അഹമ്മദിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്‌ടപ്പെടുമ്പോള്‍ 8.5 ഓവറില്‍ 48 റണ്‍സ് മാത്രമാണ് മുംബൈ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
മുംബൈ ഇന്ത്യന്‍സിന് മത്സരത്തിലേക്കൊരു തിരിച്ചുവരവ് അസാധ്യമെന്ന് ആരാധകര്‍ പോലും കരുതി. എന്നാല്‍, ആറാമനായി ക്രീസിലെത്തിയ നേഹല്‍ വധേര 13 പന്തില്‍ 21 റണ്‍സ് അടിച്ച് മുംബൈ സ്‌കോറിങ്ങിന് കരുത്ത് പകര്‍ന്നു. അരങ്ങേറ്റ ഐപിഎല്‍ മത്സരത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി നേടിയ 22 കാരനായ മുംബൈയുടെ ഇടംകയ്യന്‍ ബാറ്റര്‍ രണ്ട് കൂറ്റന്‍ സിക്‌സറുകളും പറത്തി.
അതിലൊരു സിക്‌സര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തേക്കാണ് പോയത്. അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മയ്‌ക്കൊപ്പം 50 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കാനും നേഹലിന് സാധിച്ചിരുന്നു. തിലക് വര്‍മ-നേഹല്‍ വധേര കൂട്ടുകെട്ടാണ് ആദ്യം തകര്‍ന്ന മുംബൈക്ക് 171 എന്ന മികച്ച സ്‌കോര്‍ സമ്മാനിച്ചത്.