ചെന്നൈ : ഐപിഎല്‍ പതിനാറാം പതിപ്പില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ അവസാന മത്സരങ്ങളില്‍ നവീന്‍ ഉല്‍ ഹഖ് പന്തെറിയാനെത്തിയപ്പോഴെല്ലാം ഗാലറികളില്‍ നിന്നും 'വിരാട് കോലി' ചാന്‍റുകളാണ് (അനുകൂല മുദ്രാവാക്യങ്ങള്‍) അഫ്‌ഗാന്‍ താരത്തെ വരവേറ്റിരുന്നത്. ചെപ്പോക്കില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നവീന്‍ പന്തെറിയാനെത്തിയപ്പോഴും ആരാധകര്‍ ഇതാവര്‍ത്തിച്ചു. ഏകന സ്റ്റേഡിയത്തില്‍ നവീനും വിരാടും തമ്മിലുരസിയതിന് പിന്നാലെയായിരുന്നു ഇതിന്‍റെയെല്ലാം തുടക്കം.
മെയ് ഒന്നിന് ഏകന സ്റ്റേഡിയത്തില്‍ ലഖ്‌നൗവും ബാംഗ്ലൂരും തമ്മിലേറ്റുമുട്ടിയ മത്സരത്തില്‍ വിരാട് കോലിയും നവീന്‍ ഉല്‍ ഹഖും വാക്‌പോരിലേര്‍പ്പെട്ടിരുന്നു. ലഖ്‌നൗ ഇന്നിങ്‌സില്‍ നവീന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ വിരാട് കോലി ആദ്യം അഫ്‌ഗാന്‍ താരത്തെ സ്ലെഡ്‌ജ് ചെയ്‌തു. പിന്നീട് മത്സരം അവസാനിപ്പിച്ച് മടങ്ങവെ താരങ്ങള്‍ തമ്മില്‍ ഹസ്‌തദാനം ചെയ്യുന്നതിനിടെ വിരാടിനോട് ദേഷ്യപ്പെട്ട് സംസാരിച്ച താരം പിന്നീട് കോലിയുടെ കൈ തട്ടി മാറ്റി.
ഈ മത്സരത്തിന് ശേഷം പിന്നീട്, മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ വിരാട് കോലി പുറത്തായതിന് പിന്നാലെ ആര്‍സിബി താരത്തെ പരിഹസിച്ച് നവീന്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് നവീനെതിരെ ആരാധകരും രംഗത്തെത്തിയത്. ലഖ്‌നൗ പിന്നീട് കളിക്കാനെത്തിയ ഇടങ്ങളിലെല്ലാം ആരാധകര്‍ നവീനെതിരെ വിരാട് കോലി വാഴ്‌ത്തുക്കള്‍ മുഴക്കി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി വഴങ്ങി ലഖ്‌നൗ പുറത്തായതിന് പിന്നാലെ ആരാധകരുടെ പെരുമാറ്റത്തെ കുറിച്ച് സംസാരിക്കാന്‍ നവീന്‍ തയ്യാറായി. പന്തെറിയാനെത്തുമ്പോഴെല്ലാം ഗാലറിയില്‍ നിന്നും മുഴങ്ങി കേള്‍ക്കുന്ന വിരാട് കോലി അനുകൂല മുദ്രാവാക്യങ്ങള്‍ തനിക്ക് കൂടുതല്‍ പ്രചോദനമാണ് നല്‍കിയിരുന്നതെന്ന് ലഖ്‌നൗ താരം വ്യക്തമാക്കി. മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് നവീന്‍ ഉല്‍ ഹഖിന്‍റെ പ്രതികരണം.