ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റില്‍ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തുടക്കം. മുംബൈ ഉയര്‍ത്തിയ 160 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി അവസാന ഓവറിൽ രണ്ട് വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. എ ബി ഡിവില്ലിയേഴ്സിന്‍റെ തകര്‍പ്പൻ ബാറ്റിങ്ങിന്‍റെ പിൻബലത്തിലാണ് ബാംഗ്ലൂർ വിജയിച്ചത്. 27 പന്തുകളിൽനിന്ന് 48 റൺസാണ് ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്.
തുടക്കത്തിലെ വിക്കറ്റുകൾ നഷ്ട്ടമായ ആർസിബിയെ മാക്സ്‍വെലിന്‍റെയും -വിരാടിന്‍റെയും പ്രകടനമാണ് മുന്നോട്ട് നയിച്ചത്. ഗ്ലെൻ മാക്സ്‍വെൽ 28 പന്തിൽ 39 റൺസും ക്യാപ്റ്റൻ വിരാട് കോലി 29 പന്തിൽ 33 റൺസും നേടി. കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ മുംബൈയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി. അധികം വൈകാതെ മാര്‍ക്കോ യാന്‍സെന്‍ മാക്സ്‍വെലിനെയും ഷഹ്ബാസ് അഹമ്മദിനെയും വീഴ്ത്തി. ബാംഗ്ലൂര്‍ 15 ഓവറില്‍ 106/5 എന്ന നിലയിലായി. ഡാന്‍ ക്രിസ്റ്റ്യന്‍റെ വിക്കറ്റ് കൂടി നഷ്ടമായപ്പോള്‍ അവസാന മൂന്നോവറില്‍ 34 റണ്‍സായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്. ഈ സമയം രക്ഷകനായി ഡിവില്ലിയേഴ്സ് അവതരിക്കുകയായിരുന്നു. അവസാന ഓവറിലെ 2 പന്ത് അവശേഷിക്കേ ഡിവില്ലിയേഴ്സ് റൺ ഔട്ട് ആകുമ്പോൾ. രണ്ട് പന്തുകളിൽ രണ്ട് റൺ മതിയായിരുന്നു ആർസിബിക്ക് വിജയിക്കാൻ. വിജയ റൺ നേടുകയും മുംബൈയുടെ അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തുകയും ചെയ്ത ഹര്‍ഷല്‍ പട്ടേലാണ് കളിയിലെ കേമൻ.
ആര്‍സിബിയെ അപേക്ഷിച്ച് ഫീല്‍ഡിങ്ങിലെ അച്ചടക്കമാണ് കളി അവസാന ഓവർ വരെ നീളാൻ കാരണമായത്. ആര്‍സിബിയുടെ ഓപ്പണിങ് പരീക്ഷണമായ വാഷിങ്ടണ്‍ സുന്ദര്‍ ഉള്‍പ്പെടെ നാല് പേരാണ് മുംബൈക്ക് ക്യാച്ച് വഴങ്ങി കൂടാരം കയറിയത്. മുംബൈക്കായി ബുംറ, മാര്‍ക്കോ ജെന്‍സന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്. ആര്‍സിബിക്കെതിരെ ഓപ്പണറും നായകനുമായ ഹിറ്റ്‌മാന് താളം കണ്ടെത്താന്‍ പോലും സമയം കിട്ടിയില്ല. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ നാലാമത്തെ ഓവറിലെ അവസാനത്തെ പന്തില്‍ ക്രിസ് ലിന്നുമായുള്ള ധാരണ പിശക് കാരണം റണ്‍ഔട്ടായാണ് 19 റണ്‍സെടുത്ത രോഹിത് പവലിയനിലേക്ക് മടങ്ങിയത്. ഉദ്‌ഘാടന മത്സരത്തില്‍ 15 പന്തുകള്‍ മാത്രമാണ് രോഹിത് നേരിട്ടത്.പിന്നാലെ കെയില്‍ ജാമിസണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സിന് ക്യാച്ച് വഴങ്ങി 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മടങ്ങി. മുംബൈക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ നങ്കൂരമിട്ട് കളിച്ച ക്രിസ് ലിന്‍ അര്‍ദ്ധസെഞ്ച്വറി തികക്കാന്‍ ഒരു റണ്‍സ് കൂടി വേണമെന്നിരിക്കെയാണ് പുറത്തായത്. 35 പന്തില്‍ മൂന്ന് സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പെടെ 49 റണ്‍സാണ് ക്രിസ് ലിന്‍ അടിച്ച് കൂട്ടിയത്.
ഹര്‍ദിക് പാണ്ഡ്യ ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പവലിയനിലേക്ക് മടങ്ങുമ്പോള്‍ 13 റണ്‍സ് മാത്രമായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ക്യാച്ച് മുഹമ്മദ് സിറാജ് കൈവിട്ടത് മുംബൈക്ക് ആശ്വാസമേകി. ഹര്‍ഷല്‍ പട്ടേലെറിഞ്ഞ പതിനേഴാം ഓവറിലെ മൂന്നാമത്തെ പന്ത് സിക്‌സാക്കി മാറ്റാനുള്ള പൊള്ളാര്‍ഡിന്‍റെ ശ്രമമാണ് പിഴച്ചത്. പന്ത് സിറാജിന്‍റെ കൈകളിലെത്തിയെങ്കിലും വഴുതിപോവുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ നാലാമനായി ഇറങ്ങി 28 റണ്‍സെടുത്ത ഇഷാന്‍ കിഷനെ വിക്കറ്റിന് മുന്നില്‍ കുടുക്കാന്‍ പട്ടേലിനായി.പിന്നാലെ ഏഴാമനായി ഇറങ്ങി ബാറ്റിങ് തുടങ്ങിയ ക്രുണാല്‍ പാണ്ഡ്യ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. നേരിട്ട നാലാമത്തെ പന്തില്‍ ഫോറടിച്ച ക്രുണാല്‍ അടുത്ത പന്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ചെങ്കിലും ബാറ്റ് രണ്ടായി മുറിഞ്ഞു. തുടര്‍ന്ന് പുതിയ ബാറ്റെത്തിച്ചാണ് ക്രുണാല്‍ ബാറ്റിങ് തുടര്‍ന്നത്. നേരിട്ട ഏഴാമത്തെ പന്തില്‍ ഡാന്‍ ക്രിസ്റ്റ്യന് ക്യാച്ച് വഴങ്ങി ക്രുണാലും പവലിയനിലേക്ക് തിരിച്ച് നടന്നു. കീറോണ്‍ പൊള്ളാര്‍ഡ് വാഷിങ്ടണ്‍ സുന്ദറിന് ക്യാച്ച് വഴങ്ങിയും മടങ്ങി.ആര്‍സിബിക്ക് വേണ്ടി ഹര്‍ഷാല്‍ പട്ടേലിന്‍റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ കെയില്‍ ജാമിസണ്‍, വാഷിങ്‌ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.