മുംബൈ: സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചർ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാമ്പില്‍ നിന്നും ബെല്‍ജിയത്തിലേക്ക് പോയതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. കൈമുട്ടിലെ പരിക്ക് വലച്ചതിനെ തുടര്‍ന്ന് ബെല്‍ജിയത്തിലേക്ക് പോയ 28-കാരനായ ആര്‍ച്ചര്‍ ചില മെഡിക്കല്‍ നടപടികള്‍ക്ക് വിധേയനായതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ റിപ്പോര്‍ട്ടിനെതിരെ തുറന്നടിച്ചിരിക്കുകയാണ് താരം.
ഈ വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടറെക്കുറിച്ച് ലജ്ജ തോന്നുന്നു എന്നാണ് ജോഫ്ര ആര്‍ച്ചർ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. "എന്‍റെ സമ്മതമില്ലാതെയും വസ്‌തുതകൾ അറിയാതെയും ഒരു ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിക്കുന്നത് അല്‍പ്പം കടന്ന കയ്യാണ്. ഈ വാര്‍ത്ത നല്‍കിയത് ഏതു റിപ്പോര്‍ട്ടറാണെങ്കിലും അയാളുടെ കാര്യത്തില്‍ ലജ്ജ തോന്നുന്നു.
ഒരു കളിക്കാരനെ സംബന്ധിച്ച് ഏറ്റവും ആശങ്കാജനകവും ബുദ്ധിമുട്ടുള്ളതുമായ സമയമാണിത്. നിങ്ങളുടെ വ്യക്തിപരമായ നേട്ടത്തിനായി മറ്റുള്ളവരെ ചൂഷണം ചെയ്യരുത്", ആര്‍ച്ചര്‍ ട്വിറ്ററില്‍ കുറിച്ചു.
ഐപിഎൽ 2022 മെഗാ ലേലത്തിൽ എട്ട് കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ഇംഗ്ലീഷ് പേസറെ ടീമിലെത്തിച്ചത്. പരിക്ക് വലച്ചിരുന്ന താരം സീസണ്‍ കളിക്കില്ലെന്ന് അറിഞ്ഞുകൊണ്ടായിരുന്നു മുംബൈയുടെ നടപടി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലൂടെയായിരുന്നു 28കാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
എന്നാല്‍ മടങ്ങിവരവില്‍ തന്‍റെ മികവ് ആവര്‍ത്തിക്കാന്‍ ആര്‍ച്ചര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ ടീമിന്‍റെ പേസ് ആക്രമണത്തിന് ആര്‍ച്ചര്‍ നേതൃത്വം നല്‍കുമെന്ന കണക്ക് കൂട്ടലായിരുന്നു ഫ്രാഞ്ചൈസിക്കുണ്ടായത്. എന്നാല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി താരം ഇതുവരെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.