മുംബൈ : നാട്ടിലേക്ക് മടങ്ങുന്ന ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിന് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. മറ്റൊരു ഇംഗ്ലണ്ട് താരമായ ക്രിസ് ജോർദാനെയാണ് ആർച്ചർക്ക് പകരക്കാരനായി മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഫിറ്റ്നസ് പ്രശ്‌നങ്ങളെത്തുടർന്നാണ് ആർച്ചർ നാട്ടിലേക്ക് മടങ്ങുന്നതെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് താരത്തിന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്നും ട്വിറ്ററിലൂടെയാണ് മുംബൈ അറിയിച്ചത്.
രണ്ട് കോടി രൂപയുടെ കരാറിലാണ് ശേഷിക്കുന്ന മത്സരങ്ങൾക്കായി മുംബൈ താരത്തെ തട്ടകത്തിലെത്തിച്ചത്. 'ക്രിസ് ജോർദാൻ സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾക്കായി മുംബൈ ടീമിൽ ചേരും. ജോഫ്ര ആർച്ചറിന് പകരക്കാരനായിട്ടാണ് ക്രിസ് വരുന്നത്. ജോഫ്ര തന്‍റെ പുനരധിവാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വീട്ടിലേക്ക് മടങ്ങും'- മുംബൈ ട്വിറ്ററിൽ കുറിച്ചു.
2016ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച ക്രിസ് ജോർദാൻ ഇതുവരെ 28 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകളും നേടിയിട്ടുണ്ട്. 87 ടി20 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുള്ള താരം 96 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
നിലവിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ ജോഫ്ര ആർച്ചറിന് അത്ര മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. മുംബൈക്കായി ഈ സീസണിൽ നാല് മത്സരങ്ങൾ മാത്രം കളിച്ച ആർച്ചർക്ക് 10.38 എക്കോണമിയിൽ രണ്ട് വിക്കറ്റ് മാത്രമാണ് നേടാനായിട്ടുള്ളത്. ഈ സീസണിൽ 83.00 എന്ന മോശം ശരാശരിയാണുള്ളത്.
ഈ സീസണിൽ ഫോമിലേക്കെത്താനായില്ലെങ്കിലും മുൻ സീസണിൽ ആർച്ചർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഐപിഎല്ലിൽ 39 മത്സരങ്ങളിൽ 23.90 ശരാശരിയിൽ 48 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയതാണ് ആർച്ചറിന്‍റെ മികച്ച ബോളിങ് പ്രകടനം. പഞ്ചാബിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ ആർച്ചർ 27 റൺസാണ് വിട്ടുകൊടുത്തത്. ഇതോടെ പേസറുടെ ഫോമിലും ഫിറ്റ്‌നസിനെക്കുറിച്ചും ആശങ്ക ഉയർന്നത്.
തോൽവിയിൽ നിന്ന് കരകയറാൻ മുംബൈ: ഐപിഎല്ലില്‍ വിജയവഴിയിൽ തിരിച്ചെത്താൻ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്നിറങ്ങും. പോയിന്‍റ് പട്ടികയില്‍ ആറ്, എട്ട് സ്ഥാനങ്ങളിലാണ് നിലവില്‍ ബാംഗ്ലൂര്‍, മുംബൈ ടീമുകള്‍. ഇരു ടീമിനും 10 മത്സരത്തില്‍ നിന്നും 10 പോയിന്‍റാണുള്ളത്. ഇന്ന് ജയം പിടിക്കുന്ന ടീമിന് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാൻ സാധിക്കും.