ചെന്നൈ:ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ഫിനിഷറായ് ബാറ്റ് ചെയ്യുന്നതില്‍ താന്‍ സന്തുഷ്‌ടനാണെന്ന് എംഎസ് ധോണി. ചെപ്പോക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ചെന്നൈയുടെ ജയത്തിന് പിന്നാലെയാണ് ധോണിയുടെ പ്രതികരണം. മത്സരത്തില്‍ എട്ടാമനായ് ക്രീസിലെത്തിയ ധോണി ഒമ്പത് പന്തില്‍ 20 റണ്‍സ് നേടിയാണ് പുറത്തായത്.
'ഇതാണ് എന്‍റെ ജോലി, ഇങ്ങനെ ബാറ്റ് ചെയ്യുമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. അധികം പന്തുകളൊന്നും എനിക്ക് നേരിടാന്‍ കഴിയാറില്ല. ആ സാഹചര്യത്തില്‍ നേരിടുന്ന ബോളുകളില്‍ നിന്നും ഇത്തരം പ്രകടനങ്ങള്‍ക്ക് വേണ്ടിയുള്ള പരിശീലനമാണ് ഞാന്‍ നെറ്റ്‌സില്‍ നടത്തുന്നത്. ചെന്നൈയുടെ ഫിനിഷര്‍ റോളില്‍ നല്ല സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്' -ധോണി പറഞ്ഞു.
ഡേവിഡ് വാര്‍ണറിനും സംഘത്തിനും എതിരെ രണ്ട് സിക്‌സറും ഒരു ഫോറും അടങ്ങിയതായിരുന്നു ധോണിയുടെ കാമിയോ ഇന്നിങ്‌സ്. ഡല്‍ഹിക്കെതിരെ അവസാന ഓവറുകളില്‍ ധോണി നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനം ആയിരുന്നു ചെന്നൈക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ഖലീല്‍ അഹമ്മദിനെതിരെ വെടിക്കെട്ട് നടത്തി ആതിഥേയരുടെ സ്‌കോര്‍ 150 കടത്തിയത് എംഎസ്‌ഡിയുടെ പ്രകടനം ആയിരുന്നു.
മുന്‍ സീസണുകളേക്കാള്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇക്കുറി അവസാന ഓവറുകളില്‍ ചെന്നൈക്കായി ധോണി പുറത്തെടുക്കുന്നത്. 204.26 സ്‌ട്രൈക്ക് റേറ്റില്‍ 96 റണ്‍സ് ധോണി ഇതുവരെ നേടിയിട്ടുണ്ട്. നേരിട്ട 47 പന്തുകളില്‍ 10 സിക്‌സും 41കാരനായ താരം അടിച്ചുപറത്തി.