ഇന്ത്യൻ സൂപ്പർ ലീഗിലെ ക്വാളിഫർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തെറിഞ്ഞ് മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ ഇടം നേടിയിരുന്നു. മത്സരത്തിൽ ചെന്നൈയുടെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് നിശ്ചിത ഓവറിൽ 157 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. ചെപ്പോക്കിലെ ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന പിച്ചിൽ 173 റണ്‍സ് എന്നത് ഗുജറാത്തിനെ സംബന്ധിച്ച് അനായാസം മറികടക്കാൻ സാധിക്കുന്ന സ്‌കോർ തന്നെയായിരുന്നു.
എന്നാൽ കരുത്തുറ്റ ബാറ്റിങ് നിരയുണ്ടായിട്ടും ചെന്നൈയുടെ ബൗളർമാരും ഫീൽഡർമാരും ചേർന്ന് ഗുജറാത്തിനെ വരിഞ്ഞ് മുറുക്കുകയായിരന്നു. എന്നാൽ ഇതിനെല്ലാം നേതൃത്വം നൽകി ചെന്നൈയുടെ പ്രധാന ബുദ്ധി കേന്ദ്രമായി പ്രവർത്തിച്ചത് നായകൻ ധോണി തന്നെയായിരുന്നു. മത്സരത്തിൽ പ്രധാനപ്പെട്ട താരങ്ങളുടെ വിക്കറ്റുകളെല്ലാം വീഴ്‌ത്താനായത് ധോണിയുടെ 'മാസ്റ്റൻ പ്ലാനിന്‍റെ' കരുത്തിലായിരുന്നു.
ധോണിയുടെ ക്യാപ്‌റ്റൻസിയുടെ ആഴം മനസിലാക്കുന്ന പല സംഭവങ്ങളും മത്സരത്തിലുടനീളം അരങ്ങേറിയിരുന്നു. ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയുടേത് മുതൽ ഒൻപതാമനായി മടങ്ങിയ റാഷിദ് ഖാന്‍റേത് വരെയുള്ള വിക്കറ്റുകൾക്ക് പിന്നിൽ ധോണിയുടെ തന്ത്രം തന്നെയായിരുന്നു. ഓരോ താരങ്ങൾക്കും വ്യത്യസ്‌തമായ ഫീൽഡ് സെറ്റ് ചെയ്‌ത് അവരെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ധോണിയുടെ തന്ത്രം സമൂഹ മാധ്യമങ്ങളിലും വൈറലായി.
ഗുജറാത്ത് നിരയിലെ അപകടകാരിയായ ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ ധോണി ഫീൽഡിൽ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധേയമാണ്. സ്‌ക്വയർ ലെഗിൽ നിന്ന രവീന്ദ്ര ജഡേജയെ ഹാർദിക് സ്‌ട്രൈക്കിൽ വന്നപ്പോൾ ധോണി ബാക്ക്‌വേർഡ് പോയിന്‍റിലേക്ക് മാറ്റിയിരുന്നു. തുടർന്ന് മഹീഷ് തീക്ഷ്‌ണയോട് ഓഫ്‌സൈഡിൽ പന്തെറിയാനും ധോണി ആവശ്യപ്പെട്ടു. ഇത് കൃത്യമായി നിറവേറ്റിയ തീക്ഷ്‌ണ ഓഫ്‌സൈഡിൽ പന്തെറിയുകയും ഹാർദിക് അടിച്ച പന്ത് കൃത്യമായി ജഡേജയുടെ കൈകളിൽ എത്തുകയുമായിരുന്നു.