ചെന്നൈ: ഇത്തവണത്തെ ഐപിഎല്ലിന് ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണി വിരമിക്കുമോ ഇല്ലയോ എന്നുള്ള വാഗ്വാദങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയായി. 41 കാരനായ താരം ഇനി കളിക്കളത്തിൽ തുടരാൻ സാധ്യതയില്ലെന്നും ഈ സീസണോടെ വിരമിക്കുമെന്നും ഒരു കൂട്ടർ പറയുമ്പോൾ ധോണി ഇപ്പോഴും മികച്ച ഫിറ്റ്‌നസിലാണെന്നും അതിനാൽ തുടർന്നും കളിക്കുമെന്നും മറ്റൊരു കൂട്ടരും അവകാശപ്പെടുന്നു.
ഇപ്പോൾ ഈ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് സാക്ഷാൽ മഹേന്ദ്ര സിങ് ധോണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിരമിക്കൽ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അതിനെക്കുറിച്ച് ചിന്തിക്കാൻ ഇനിയും 8-9 മാസം സമയം ഉണ്ടെന്നുമായിരുന്നു ധോണി വ്യക്‌തമാക്കിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയർ മത്സരത്തിന് പിന്നാലെ പ്രതികരിക്കവെയാണ് ധോണി വിരമിക്കൽ തീരുമാനത്തെക്കുറിച്ച് വാചാലനായത്.
'ഇനി ചെപ്പോക്കിൽ കളിക്കാനെത്തുമോ' എന്ന ഹർഷ ഭോഹ്‌ലെയുടെ ചോദ്യത്തോടാണ് ധോണി പ്രതികരിച്ചത്. 'എനിക്കറിയില്ല. ഇക്കാര്യത്തിൽ എനിക്ക് തീരുമാനമെടുക്കാൻ 8-9 മാസത്തെ സമയമുണ്ട്. മിനി ലേലം നടക്കുന്നത് ഡിസംബറിലാണ്. പിന്നെ എന്തിനാണ് ആ തലവേദന ഇപ്പോഴെ എടുത്ത് തലയിൽ വെയ്‌ക്കുന്നത്. എനിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ധാരാളം സമയമുണ്ട്.
സിഎസ്‌കെയോടൊപ്പം ഞാൻ എപ്പോഴും ഉണ്ടാകും. അതിനി കളിക്കളത്തിലായാലും പുറത്തായാലും ഞാൻ ചെന്നൈക്കൊപ്പം ഉണ്ടാകും. അക്ഷരാർഥത്തിൽ നാല് മാസമായി ഞാൻ ഫോമിലല്ല. ജനുവരി അവസാനമാണ് ഞാൻ എന്‍റെ പണിയെല്ലാം തീർത്ത് വീട്ടിൽ നിന്ന് ഇറങ്ങിയത്. മാർച്ച് രണ്ടാം വാരമോ മൂന്നാം വാരമോ ആണ് ഞങ്ങൾ പരിശീലനം തുടങ്ങിയത്. അതിനാൽ തന്നെ ഫോമിലെത്താൻ സമയമെടുക്കും.' ധോണി വ്യക്‌തമാക്കി.