ജയ്‌പൂര്‍:ക്രിക്കറ്റ് ലോകത്തെ 'ക്യാപ്‌റ്റന്‍ കൂള്‍' ആര് എന്ന് ചോദിച്ചാല്‍ എല്ലാവരും നിസംശയം പറയുന്ന പേര് എംഎസ് ധോണി എന്നായിരിക്കും. അദ്ദേഹത്തിന് അങ്ങനെയൊരു വിളിപ്പേര് ഉണ്ടാകാനുള്ള കാരണം എന്താണെന്ന് പലപ്പോഴായി നമ്മള്‍ കളിമൈതാനത്ത് വച്ച് തന്നെ കണ്ടിട്ടുണ്ട്. ഒരു മത്സരത്തില്‍ ഏത് മോശം സാഹചര്യം വന്നാലും ഏതൊരു കളിക്കാരന്‍റെ മുഖത്തായാലും ഒരു പതര്‍ച്ച കാണാന്‍ കഴിയും.
എന്നാല്‍ ധോണിയുടെ കാര്യം അങ്ങനെയല്ല. ഏതൊരു മോശം സാഹചര്യം വന്നാലും ധോണി അതിനെ കൂളായി തന്നെ കളിക്കളത്തില്‍ നേരിടും. മുന്‍ ഇന്ത്യന്‍ നായകന്‍റെ ഈ പെരുമാറ്റം കണ്ട് ആരാധകര്‍ തന്നെ നല്‍കിയ വിളിപ്പേരാണ് 'ക്യാപ്‌റ്റന്‍ കൂള്‍' എന്നത്.
എന്നാല്‍, പലപ്പോഴായി ധോണി കളിക്കളത്തില്‍ 'കൂള്‍' അല്ലാതായിട്ടുണ്ട്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലുമുണ്ടായി ധോണിയുടെ തണുപ്പന്‍ സ്വഭാവം ചൂടായി മാറിയ സംഭവം. രാജസ്ഥാന്‍ റോയല്‍സ് ബാറ്റ് ചെയ്യുന്നതിനിടെ ആയിരുന്നു ഇത്.
പതിരണ എറിഞ്ഞ മത്സരത്തിന്‍റെ 16-ാം ഓവര്‍. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ആയിരുന്നു ക്രീസില്‍. ഓവറിലെ മൂന്നാം പന്ത് ഹെറ്റ്‌മെയറിന്‍റെ കാലില്‍ തട്ടി, പിന്നാലെ താരം റണ്ണിനായി ഓടി.
ഓടിയെത്തിയ ചെന്നൈ നായകന്‍ എംഎസ് ധോണി ബൗളിങ് എന്‍ഡിലെ സ്റ്റമ്പ് ലക്ഷ്യമാക്കി പന്ത് എറിഞ്ഞു. ധോണിയുടെ ത്രോ പതിരണ തടഞ്ഞിട്ടു. ചെന്നൈ നായകന്‍ എറിഞ്ഞ പന്ത് നേരിട്ട് സ്റ്റമ്പില്‍ കൊണ്ടിരുന്നെങ്കില്‍ ഹെറ്റ്‌മെയറിന്‍റെ വിക്കറ്റ് പോലും ചെന്നൈക്ക് ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു.
എന്നാല്‍ ഈ അവസരം നഷ്‌ടപ്പെട്ടതോടെ നായകന്‍ എംഎസ് ധോണിയും കൂള്‍ അല്ലാതായി. അതേസമയം, ഈ റണ്‍ഔട്ടില്‍ നിന്ന് രക്ഷപ്പെട്ട ഹെറ്റ്‌മെയറിന് മത്സരത്തില്‍ ബാറ്റ് കൊണ്ട് കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. രാജസ്ഥാനായി നാലാമനായി ക്രീസിലെത്തിയ താരം 10 പന്തില്‍ എട്ട് റണ്‍സ് മാത്രം നേടി പുറത്താകുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന് യശ്വസി ജയ്‌സ്വാളിന്‍റെ ബാറ്റിങ്ങാണ് ചെന്നൈക്കെതിരെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായി ക്രീസിലെത്തിയ ജയ്‌സ്വാള്‍ 43 പന്തില്‍ 77 റണ്‍സ് നേടി. ധ്രുവ് ജുറെല്‍, ദേവ്‌ദത്ത് പടിക്കല്‍ എന്നിവരുടെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങാണ് ആതിഥേയരുടെ സ്‌കോര്‍ 200 കടത്തിയത്.
ധ്രുവ് ജുറെല്‍ 15 പന്തില്‍ 34 റണ്‍സാണ് അടിച്ചുകൂട്ടിയത്. ദേവ്ദത്ത് പടിക്കല്‍ 13 പന്തില്‍ 27 റണ്‍സെടുത്തു. ചെന്നൈക്കായി തുഷാര്‍ ദേശ്‌പാണ്ഡെ രാജസ്ഥാന്‍റെ രണ്ട് വിക്കറ്റ് എറിഞ്ഞിട്ടു.
മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 202 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈക്ക് 170 റണ്‍സ് നേടാനെ സാധിച്ചുള്ളു. അര്‍ധ സെഞ്ച്വറി നേടിയ ശിവം ദുബെ (52), ഹാള്‍ഫ് സെഞ്ച്വറിക്ക് അരികെ വീണ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദ് (47) എന്നിവരൊഴികെ മറ്റാര്‍ക്കും മികവിലേക്ക് ഉയരാനായില്ല. രാജസ്ഥാനായി ആദം സാംപ മൂന്നും ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റും വീഴ്‌ത്തി.
Also Read:IPL 2023| സുയഷ് പ്രഭുദേശായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റണ്‍ഔട്ട്, കാരണക്കാരന്‍ ദിനേശ് കാര്‍ത്തിക്കെന്ന് വിമര്‍ശനം